ജങ്കാർ സർവിസ് നിലച്ചിട്ട് രണ്ടാഴ്ച; യാത്രികർ ദുരിതത്തിൽ
text_fieldsപൊന്നാനി: പൊന്നാനി-പടിഞ്ഞാറേക്കര റൂട്ടിൽ ജങ്കാർ സർവിസ് നിലച്ചിട്ട് 20 ദിവസത്തിലധികമായി. ഇതോടെ ഇതിനെ മാത്രം ആശ്രയിച്ചിരുന്ന നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ജങ്കാറിന്‍റെ കാലപ്പഴക്കം കാരണം കരാർ കാലാവധി നീട്ടിനൽകാത്തതാണ് സർവിസ് മുടങ്ങാൻ കാരണം.ഇക്കാര്യത്തിൽ പരിഹാര നടപടിയെടുക്കേണ്ട നഗരസഭയാകട്ടെ മൗനത്തിലുമാണ്.
നിയമവിരുദ്ധമായാണ് പടിഞ്ഞാറേക്കര-പൊന്നാനി ജങ്കാർ സർവിസ് നടത്തുന്നതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. മതിയായ സുരക്ഷയോടെ 60 യാത്രക്കാർക്കും 12 വാഹനങ്ങൾക്കുമാണ് പോർട്ട് ഓഫിസർ അനുമതി നൽകാറുളളത്. 60ൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല എന്ന നിബന്ധനയുള്ളപ്പോൾ കാലാവധി കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നൂറിലധികം ആളുകളും നിരവധി വാഹനങ്ങളുമായി അപകടകരമായ രീതിയിലാണ് സർവിസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു പരാതി.
60 ലൈഫ് ജാക്കറ്റുൾപ്പടെയുള്ള മതിയായ സുരക്ഷയോടെ കൂടി മാത്രമേ സർവിസ് നടത്താവൂ എന്ന നിയമവും പാലിക്കപ്പെടാറില്ല.നിലവിൽ ഒരു ജങ്കാർ മാത്രമാണ് സർവിസ് നടത്തുന്നത്. അത് മാസങ്ങൾക്ക് എഞ്ചിൻ തകരാറിലായി കടലിലേക്ക് ഒലിച്ച് പോയിരുന്നു.
എന്നിട്ടും അത് മാറ്റാൻ ബന്ധപ്പെട്ടവർ ഇതുവരെ തയാറായിട്ടില്ല. ഇപ്പോൾ സർവിസ് നടത്തിക്കൊണ്ടിരിക്കുന്ന ജങ്കാറിന് കഴിഞ്ഞ മാർച്ച് 31 വരെയാണ് പോർട്ട് ഓഫിസർ അനുമതി നൽകിയിരുന്നത്.പടിഞ്ഞാറക്കരയിൽ ടൂറിസ്റ്റ് ബോട്ടുകൾ ഉണ്ടായിരിക്കെ കഴിഞ്ഞ പെരുന്നാൾ ദിനങ്ങളിൽ ബീച്ച് സന്ദർശിക്കാനെത്തിയവരുവായി നിയമവിരുദ്ധമായി ജങ്കാറിൽ സർവിസ് നടത്തിയതായും പ്രദേശവാസികൾ പറഞ്ഞു.
മതിയായ സുരക്ഷയില്ലാതെയും അമിത ലോഡുമായും അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയിലുള്ള ജങ്കാർ സർവിസ് നിറുത്തിവെപ്പിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പടിഞ്ഞാറക്കര യൂനിറ്റ് ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. ജങ്കാറിന്‍റെ ലൈസൻസ് നീട്ടിക്കൊടുക്കാൻ നഗരസഭ തയാറായിട്ടില്ല. എങ്കിലും ജങ്കാറിന്‍റെ ഉൾനാടൻ ജലഗതാഗത അനുമതിപത്രത്തിന് അടുത്തവർഷം ഏപ്രിൽ വരെ കാലാവധി ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.