കെ. അബ്ദുൽ ഖയ്യൂം: വ്യാപാരികളുടെ ക്ഷേമത്തിനായി നിലകൊണ്ട ജീവിതം
text_fieldsപൊന്നാനി: വ്യാപാരികളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു കഴിഞ്ഞദിവസം വിടപറഞ്ഞ കെ. അബ്ദുൽ ഖയ്യൂം. 84ാം വയസ്സിലും വ്യാപാരികളുടെ പ്രശ്നങ്ങളാണ് കൈയിൽ കരുതുന്ന സഞ്ചിയിലും കക്ഷത്ത് കൊണ്ടുനടന്ന ഫയലിലും നിറഞ്ഞിരുന്നത്. പൊന്നാനിയിലെ വ്യാപാരികള്‍ക്കായുള്ള വിശ്രമമില്ലാത്ത ഓട്ടത്തിന് നാലര പതിറ്റാണ്ടിന്റെ കഥ പറയാനുണ്ട്. 1977ലാണ് ചേംബർ ഓഫ് കോമേഴ്സിൽ അംഗത്വമെടുക്കുന്നത്. ഓഫിസ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. ഏറെ വൈകാതെ ചേംബർ പൊന്നാനി യൂനിറ്റ് ജോയന്റ് സെക്രട്ടറിയായി. തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനം. 20 കൊല്ലം ഇത് തുടർന്നു. പിന്നീടുള്ള 20 കൊല്ലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയിരുന്നത് ഇദ്ദേഹമായിരുന്നു. ആദായ നികുതി, ആരോഗ്യ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരന്തര പരിശോധന വ്യാപാരികളെ ബുദ്ധിമുട്ടിച്ചിരുന്ന കാലത്ത് പരിഹാരത്തിനായി ഓടിനടന്നു. ഉദ്യോഗസ്ഥരുമായുള്ള ബന്ധവും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ മിടുക്കും ഇദ്ദേഹത്തെ വ്യാപാരികളുടെ വിശ്വസ്ഥനാക്കി.
1954ലാണ് വ്യാപാര രംഗത്തേക്ക് എത്തുന്നത്. പിതാവ് പി. അബ്ദുറഹിമാന് ഹാജി സ്ഥാപിച്ച പൊന്നാനി ജെ.എം റോഡിലെ നാഷനല്‍ ബേക്കറിയില്‍ അദ്ദേഹം സജീവമായി. 1977 മുതല്‍ ബേക്കറി അസോസിയേഷന്റെ നേതൃനിരയിലാണ്. കുറേ കാലം പൊന്നാനി ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പൊന്നാനി അങ്ങാടിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അങ്ങാടി വികസനമെന്ന ആശയത്തിന്റെ സൂത്രധാരന്‍ ഇദ്ദേഹമായിരുന്നു. മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പൊന്നാനി അങ്ങാടിയുടെ മുഖം മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ക്കൊപ്പം നിലകൊണ്ടു. എന്നാൽ അത് യാഥാർഥ്യമാക്കാനാകാത്തതിൽ അദ്ദേഹം നിരാശനായിരുന്നു. വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്കൊപ്പം നിലകൊള്ളുമ്പോള്‍ തന്നെ പൊന്നാനിയുടെ പൊതു പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു. ചേംബറില്‍ സജീവമാകുന്നതിന് മുമ്പ് പൊന്നാനി താലൂക്കിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. 1957 മുതല്‍ 64 വരെ കോണ്‍ഗ്രസിന്റെ ഭാരവാഹിത്വത്തിലുണ്ടായിരുന്നു. 1964 മുതല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായി. 1977ല്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ ഭാഗമായതോടെ സജീവ രാഷ്ട്രീയം വിട്ടു. മരണത്തെ തുടർന്ന് പൊന്നാനിയിൽ വ്യാപാരികൾ കടകളടച്ച് ദുഖാചരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.