കടവനാട് ഗവ.എൽ.പി സ്കൂളിൽ ഇക്കുറിയും പഠനം വാടക കെട്ടിടത്തിൽ തന്നെ
text_fieldsപൊന്നാനി: കടവനാട് ഗവ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം ഇക്കുറിയും വാടക കെട്ടിടത്തിൽ തന്നെ. നിരവധി സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കുന്ന വാർത്തകൾ കാണുമ്പോഴും തങ്ങളുടെ സ്കൂളിന്റേത് എന്ന് പൂർത്തീകരിക്കുമെന്നറിയാതെ നിരാശയിലാണ് ഇവിടത്തെ കുട്ടികളും അധ്യാപകരും. നാലു വർഷം മുമ്പാണ് പഴയ സ്കൂൾ കെട്ടിടം പൊളിച്ച് പുതിയതിന്റെ നിർമാണമാരംഭിച്ചത്.
അന്നുമുതൽ ആൾതാമസമില്ലാത്ത പഴയ ഒരു മനയിൽ ഷെഡ് വെച്ച് കെട്ടിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. നഗരസഭയുടെയും, കരാറുകാരുടെയും നിസംഗത മൂലം പുതിയ സ്കൂൾ കെട്ടിടത്തിലേക്ക് പ്രവേശിക്കാമെന്ന വിദ്യാർഥികളുടെ മോഹം ഓരോ അധ്യയന വർഷവും നിരാശയിൽ അസ്തമിക്കുകയാണ്.
കാവുകളും മറ്റുമുള്ള മനയിൽ വിദ്യാർഥികൾക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത സ്ഥിതിയാണ്. മഴക്കാലമായാൽ ഷെഡ് ചോർന്നൊലിക്കും. സ്കൂൾ കെട്ടിടം നിർമ്മാണം ഉടൻ പൂർത്തിയാവുമെന്ന് കരുതിയാണ് താൽക്കാലികമായി മന വിട്ടു കൊടുത്തത്. അവകാശികൾ മന ഒഴിവാക്കിത്തരണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് അധ്യാപകരും പി.ടി.എ ഭാരവാഹികളും പറയുന്നു.
കഴിഞ്ഞ ഓണ അവധിക്ക് ശേഷം പുതിയ കെട്ടിടത്തിലേക്ക് മാറാമെന്നായിരുന്നു പി.നന്ദകുമാർ എം.എൽ.എ നാട്ടുകാർക്ക് നൽകിയ ഉറപ്പ്. നിർമാണം ഏറ്റെടുത്ത അക്രഡിറ്റഡ് ഏജൻസികളെല്ലാം പാതി വഴിയിൽ ഉപേക്ഷിക്കുന്നതിനാലാണ് പണി പൂർത്തീകരിക്കാനാവാത്തത്. ഇപ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിക്ക് കരാർ നൽകാനുള്ള നീക്കത്തിലാണ് നഗരസഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.