അതിവേഗം ഉയരുന്നു, കുണ്ടുകടവ് പാലം
text_fieldsപൊന്നാനി: പൊന്നാനിയെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കുണ്ടുകടവിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്കടുക്കുന്നു. ഇരു ഭാഗത്തെയും എട്ട് സ്ലാബുകളിൽ ആറെണ്ണം സ്ഥാപിച്ചുകഴിഞ്ഞു. മധ്യഭാഗത്തെ രണ്ട് സ്ലാബുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്.
നിലവിലെ പാലത്തിന്റെ ഇരു ഭാഗത്തെയും റിട്ടയ്നിങ് മതിൽ ഏഴ് മീറ്റർ ഉയർത്തി നിർമിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. അപ്രോച്ച് റോഡ് നിർമാണത്തിനായി നിലവിലെ റോഡ് മുറിക്കേണ്ടി വരുന്നതിനാൽ അപകടാവസ്ഥ ഒഴിവാക്കാൻ പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബർ 21 മുതൽ ഒരു മാസത്തേക്ക് പൂർണമായി നിരോധിക്കാൻ തീരുമാനമായി.
വാഹനങ്ങൾ കുണ്ടുകടവ് ജങ്ഷനിൽനിന്ന് ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജ്, കരിങ്കല്ലത്താണി വഴി പോകണം. ഹെവി ഗുഡ്സ് വാഹനങ്ങൾ കുണ്ടുകടവ് ജങ്ഷനിൽനിന്ന് എടപ്പാൾ വഴി പോകണം.
റിട്ടയ്നിങ് മതിൽ നിർമാണം പൂർത്തിയായാലുടൻ പാലത്തിന്റെ മധ്യഭാഗത്ത് ഫെൻഡർ പൈൽ നിർമാണം തുടങ്ങും. നിലവിലെ പാലത്തിന്റെ കിഴക്ക് ഭാഗത്തായി 227 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുന്നത്. 29.3 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ടാകും. നിലവിലെ പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡ് നിർമിക്കും. 210 മീറ്ററാണ് അപ്രോച്ച് റോഡിന്റെ നീളം. ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
പൊന്നാനി നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന, പൊതുമരാമത്ത് വകുപ്പ്, പൊലീസ്, മോട്ടോർ വെഹിക്കിൾ ഉദ്യേഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.