കുണ്ടുകടവ് പാലം നിർമാണം; ഗതാഗതം നിരോധിക്കരുതെന്ന് നാട്ടുകാർ
text_fieldsപൊന്നാനി: പുതിയ പാലം നിർമാണം പുരോഗമിക്കുന്ന കുണ്ടുകടവിൽ നിലവിലെ പാലം അടച്ചിട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ നാട്ടുകാരും വിവിധ സംഘടനകളും രംഗത്ത്. നിർമാണം പൂർത്തീകരിക്കും മുമ്പ് അപ്രോച്ച് റോഡ് പണി നടത്തുന്നതിന്റെ പേരിൽ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നത് ജനങ്ങളെ ദുരിതത്തിലാക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യം.
പാലത്തിന്റെ മൂന്ന് സ്പാനുകൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. സാധാരണ ഗതിയിൽ പാലം പണി തീർന്നാലാണ് അപ്രോച്ച് റോഡ് നിർമാണം ആരംഭിക്കുക. അപ്രോച്ച് റോഡ് നിർമാണത്തിന് നിലവിലെ റോഡിന്റെ മുക്കാൽ ഭാഗവും ഉപയോഗിക്കേണ്ടതിനാലാണ് ഗതാഗതം നിരോധിക്കുന്നത്. റീടൈൻ വാൾ പണിയുന്നതിനാണ് റോഡ് തടസ്സപ്പെടുത്തുന്നത്.
ഇപ്പോഴത്തെ പണിയുടെ രീതി അനുസരിച്ച് ഈ വർഷം കഴിഞ്ഞാലും പാലം പണി പൂർത്തീകരിക്കാനാവില്ല. യുദ്ധകാലാടിസ്ഥാനത്തിൽ അപ്രോച്ച് റോഡ് പണി കഴിഞ്ഞാലും പാലം നിർമാണം പൂർത്തീകരിക്കാത്തതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാനാവില്ല. റീടൈൻ വാൾ വരുന്നത് കാരണം പഴയ പാലത്തിലൂടെ ഗതാഗതം അസാധ്യമാകും. ഫലത്തിൽ നീണ്ട കാലത്തേക്ക് ഗതാഗതം നിലക്കും. നൂറുകണക്കിന് സ്കൂൾ ബസ്സുകളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. കൂടാതെ യാത്ര ബസുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും ഗതാഗതത്തിന് ആശ്രയിക്കുന്നത് ഈ പാലത്തെയാണ്.
ബദൽ സംവിധാനം ഏർപ്പെടുത്താതെ ഗതാഗതം നിരോധിക്കുക വഴി വിദ്യാർഥികളും ജനങ്ങളും കൂടുതൽ ദുരിതത്തിലാകും. ബദൽ സംവിധാനമെന്ന് അധികൃതർ പറയുന്ന ബിയ്യം പാലം വഴിയുള്ള ഗതാഗതം തീർത്തും അപര്യാപ്തമാണ്. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാൻ പറ്റുന്ന പാലത്തിലൂടെയുള്ള യാത്ര കൂടുതൽ കുരുക്കിന് ഇടയാക്കും. പാലം പണി പൂർത്തീകരിച്ചശേഷം അപ്രോച്ച് റോഡ് പണിയുക എന്നതാണ് പ്രായോഗികം. അപ്പോൾ അപ്രോച്ച് റോഡ് പണി കഴിഞ്ഞാൽ പുതിയ പാലത്തിലൂടെ ഗതാഗതം സാധ്യമാകും.
പാലം പണി കഴിഞ്ഞാൽ വലത് ഭാഗത്ത് റീടൈൻ വാൾ കെട്ടുന്ന സമയത്തും ഇടത് വശം വഴി വാഹനങ്ങൾ കടത്തിവിടാം. ദേശീയപാതയിൽ നടക്കുന്ന പ്രവൃത്തികൾ ഇതിന് ഉദാഹരണമാണ്. ഈ പ്രായോഗിക രീതി ഒഴിവാക്കി അപ്രോച്ച് റോഡ് ആദ്യം പണിയാൻ റോഡ് അടച്ചിടുന്നത് ജനങ്ങളെ ദീർഘകാലത്തേക്ക് പ്രയാസത്തിലേക്ക് തള്ളിവിടുമെന്ന് പൗരാവകാശ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റോഡ് അശാസ്ത്രീയമായി അടച്ചിട്ടാൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസം സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കും വകുപ്പ് മേധാവികൾക്കും എം.പിക്കും എം.എൽ.എക്കും പൗരാവകാശ സംരക്ഷണ സമിതി നിവേദനം നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എ. അബ്ദുല്ലത്തീഫ്, എക്സിക്യൂട്ടിവ് അംഗങ്ങളായ എ.ടി. അലി, ഒ.വി. ഇസ്മായിൽ മുഹമ്മദുണ്ണി എന്നിവർ പങ്കെടുത്തു.
ഒരു മാസത്തിനകം ഗതാഗതം പുനഃസ്ഥാപിക്കും -എം.എൽ.എ
പൊന്നാനി: കുണ്ടുകടവ് പാലം നിർമാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി. നന്ദകുമാർ എം.എൽ.എ. ഒരു മാസത്തേക്ക് മാത്രമായിരിക്കും ഗതാഗതം നിരോധിക്കുക. മാസങ്ങളോളം ഗതാഗത നിരോധനം നിലനിൽക്കുമെന്ന പ്രചാരണം ദുരുദ്ദേശപരമാണ്. റീടൈൻ വാൾ നിർമിക്കുന്നതിന് രണ്ടു ഭാഗത്തും 30 മീറ്റർ താഴ്ചയിൽ റോഡ് മുറിക്കേണ്ടതിനാൽ ഗതാഗതം തടയാതെ നിർവാഹമില്ല. ഒരു മാസം കൊണ്ട് തന്നെ ഇത് പൂർത്തിയാക്കും. ഫെബ്രുവരിയിൽ പുതിയ പാലം തുറക്കും. പൊതുവികസന പ്രവർത്തനം എന്ന നിലയിലുള്ള ചെറിയ പ്രയാസങ്ങൾ കുറച്ചു കാലത്തേക്ക് ഉണ്ടാകും. തെറ്റിദ്ധരിപ്പിക്കുന്നവർ കാര്യങ്ങൾ മനസ്സിലാക്കണം. പഴയ പാലത്തിലൂടെ കാൽനടയാത്രക്ക് തടസ്സമില്ലെന്നും എം.എൽ.എ പറഞ്ഞു.
ഗതാഗത നിരോധന കാര്യത്തിൽ ഒരു മാസ കാലാവധിയിൽ ഒരു ദിവസം പോലും നീളില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധിയും പറഞ്ഞു.
ഗതാഗത നിരോധനം 24 മുതൽ
പൊന്നാനി: കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനം ഈ മാസം 24 മുതൽ ആരംഭിക്കും. നേരത്തെ 21നാണ് തീരുമാനിച്ചിരുന്നതെങ്കിലും 24 ലേക്ക് മാറ്റുകയായിരുന്നു. ഗുരുവായൂർ-ആൽത്തറ-പൊന്നാനി റോഡിലെ ഗതാഗതത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വാഹനങ്ങൾ കുണ്ടുകടവ് ജങ്നിൽനിന്ന് ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജ് വഴി കരിങ്കല്ലത്താണിയിലൂടെയാണ് പോകേണ്ടത്. ഹെവി ഗുഡ്സ് വാഹനങ്ങൾ കുണ്ടുകടവ് ജങ്ഷനിൽനിന്ന് എടപ്പാൾ വഴി പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.