കയറ്റിറക്ക്; പൊന്നാനി ഹാർബറിൽ തൊഴിലാളികൾ തമ്മിൽ തർക്കം
text_fieldsപൊന്നാനി: യാനങ്ങളിലെത്തുന്ന മത്സ്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിലേക്കും വാഹനങ്ങളിലേക്കും എത്തിക്കുന്ന തൊഴിലാളികൾ തമ്മിൽ തർക്കം. പടിഞ്ഞാറ് ഭാഗത്ത് ചെറുവള്ളങ്ങൾ അടുപ്പിക്കുന്ന സ്ഥലത്ത് തൊഴിലെടുക്കുന്നവർ തമ്മിലാണ് തർക്കം നിലനിൽക്കുന്നത്.
വള്ളത്തിലെത്തുന്ന മത്സ്യങ്ങൾ കരയിലേക്ക് കൊട്ടയിൽ കയറ്റിയ ശേഷം തുടർന്ന് വാഹനങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലാണ് കയറ്റിറക്ക് സംവിധാനമുള്ളത്.
130 കിലോയോളം ഭാരമുള്ള കൊട്ടയിലെത്തിക്കുന്ന മത്സ്യം കരയിൽനിന്ന് രണ്ട് ബോക്സുകളിലായി തരം തിരിച്ചാണ് വാഹനങ്ങളിലേക്ക് എത്തിക്കുക. എന്നാൽ, മത്സ്യം കൂടുതലുണ്ടാകുന്ന സാഹചര്യത്തിൽ ബോക്സുകൾ വള്ളങ്ങൾക്കരികിലെത്തിച്ച് കയറ്റുന്നതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.
കൊട്ടയിൽ കരയിലെത്തിക്കുന്ന മത്സ്യം മാത്രം ബോക്സിൽ കൊണ്ടുപോയാൽ മതിയെന്ന് ഒരു വിഭാഗം തൊഴിലാളികൾ തീരുമാനിച്ചതാണ് തർക്കത്തിനിടയാക്കിയത്. എന്നാൽ, മറുവിഭാഗം ഇതിന് തയാറായില്ല. കയറ്റിറക്ക് പണിയെടുക്കുന്നവർക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അമ്പതോളം തൊഴിലാളികളാണ് പെട്ടിയിൽ മീൻ ചുമക്കുന്നത്. 130 കിലോ ഭാരം ചുമടെടുക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഇവരെ എതിർക്കുന്നവരുടെ ആരോപണം. എന്നാൽ, പഴയ ഹാർബറിൽ തങ്ങൾ മാത്രമാണ് തൊഴിലെടുത്തിരുന്നതെന്നും ഷെഡുകളിൽ തൊഴിലെടുത്തിരുന്നവരാണ് ബോക്സിൽ കയറ്റിറക്ക് നടത്തുന്നതെന്നുമാണ് മറുവിഭാഗം പറയുന്നത്.
കൊട്ടയിൽ ചുമടെടുക്കുന്നവർക്ക് ലഭിക്കുന്ന കൂലിയുടെ പകുതി മാത്രമാണ് ബോക്സിൽ കയറ്റിറക്ക് തൊഴിലെടുക്കുന്നവർക്ക് ലഭിക്കുക. മത്സ്യലഭ്യതയുള്ള സമയത്ത് മാത്രമേ ഇവർക്ക് കൂടുതൽ കൂലി ലഭിക്കുകയുമുള്ളൂ. ഈ സമയത്താണ് തർക്കം മൂലം ഒരു വിഭാഗത്തിന്‍റെ തൊഴിൽ നഷ്ടമാകുന്നത്. ഒരുദിവസം ശരാശരി 50 കൊട്ടയാണ് ഒരു തൊഴിലാളിക്ക് കയറ്റാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.