പൊന്നാനിയിൽ രണ്ടു മലമ്പനി കേസുകൾകൂടി സ്ഥിരീകരിച്ചു
text_fieldsപൊന്നാനി: പൊന്നാനിയിൽ രണ്ടു മലമ്പനി കേസുകൾകൂടി സ്ഥിരീകരിച്ചു. പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യപ്രവർത്തകർ, വെക്ടർ കൺട്രോൾ യൂനിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ നടത്തി. നാലു പേരടങ്ങുന്ന പത്ത് സംഘങ്ങൾ വീടുകൾ സന്ദർശിച്ചു. 1200 രക്തസാമ്പ്ൾ ശേഖരിച്ചാണ് രണ്ടു മലമ്പനി രോഗം സ്ഥിരീകരിച്ചത്. 21, 54, 17 എന്നിങ്ങനെ പ്രായമുള്ള മൂന്നു സ്ത്രീകളിലാണ് രോഗം കണ്ടെത്തിയത്. നിലവിൽ മൂന്നു കേസുകളാണ് വാർഡ് അഞ്ചിലുള്ളത്.
നഗരസഭയിലെ 4, 5, 6, 7 വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ, കൊതുകുനശീകരണ പ്രവർത്തനങ്ങൾ എന്നിവ ഉടൻ നടക്കും.
പ്രവർത്തനങ്ങൾക്ക് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീന സുധേശൻ, വാർഡ് കൗൺസിലർ കവിത ബാലു, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, ജില്ല സർവൈലൻസ് ഓഫിസർ ഡോ. സി. ഷുബിൻ, ടെക്നിക്കൽ അസിസ്റ്റൻറ് സി.കെ. സുരേഷ് കുമാർ, എപ്പിഡമോളജിസ്റ്റ് കിരൺ രാജ്, ഹെൽത്ത് സൂപ്പർവൈസർമാരായ സി.ആർ. ശിവപ്രസാദ്, വിൻസെൻറ് സിറിൽ എന്നിവർ നേതൃത്വം നൽകി.
രാത്രിയിൽ കൊതുകുവല ഉപയോഗിക്കാനും കൊതുക് നശീകരണ സാമഗ്രികൾ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്തപരിശോധന നടത്തണം. ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹസന്ദർശന രക്തപരിശോധനയിൽ പങ്കാളിയാവണമെന്നും ഡി.എം.ഒ അറിയിച്ചു. ഉറവിടനശീകരണം, ഫോഗിങ്, സ്പ്രേയിങ് എന്നിവ നടക്കും. 100 ആരോഗ്യപ്രവർത്തകരെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. മൂന്നാഴ്ച ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾക്കായി രൂപരേഖ
തയാറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.