മലയാളത്തിന്റെ കബഡിപ്പെരുമ ഇനി ഇംഗ്ലണ്ടിലും
text_fieldsപൊന്നാനി: കബഡിയിൽ ഉയരങ്ങൾ കീഴടക്കിയ പൊന്നാനി സ്വദേശി മഷ്ഹൂദ് കബഡി ലോകകപ്പിൽ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങും. കബഡിയിൽ കേരളപ്പെരുമ ലോകനെറുകയിൽ അടയാളപ്പെടുത്തുകയാണ് പൊന്നാനി ബസ് സ്റ്റാൻഡ് സ്വദേശി മഷ്ഹൂദ്. ആഗസ്റ്റ് 20 മുതൽ കമ്പോഡിയയിൽ നടക്കുന്ന ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിലാണ് മഷ്ഹൂദ് ഇടം നേടിയത്.
വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കബഡിയിൽ പ്രാഗത്ഭ്യം തെളിയിച്ച മഷ്ഹൂദിന്റെ കളിമികവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതോടെ സാധ്യമായത്. പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സംസ്ഥാന കബഡി ടീമിൽ താരമായിരുന്നു. കോളജ് തലത്തിലും ഇന്റർസോൺ മത്സരങ്ങളിലും സ്ഥിരസാന്നിധ്യമായിരുന്നു.
ജോലിയാവശ്യാർത്ഥം ഇംഗ്ലണ്ടിലേക്ക് ചേക്കേറിയ മഷ്ഹൂദ് ഇംഗ്ലണ്ട്, വെയ്ൽസ്, സ്കോട്ട്ലന്റ് എന്നീ രാജ്യങ്ങളിലെ ക്ലബുകൾ ഉൾപ്പെടുന്ന ബ്രിട്ടീഷ് കബഡി ലീഗിൽ നോട്ടിങ്ഹാം റോയൽസിന്റെ താരമാണ്. ബ്രിട്ടീഷ് കബഡി ലീഗിലെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ട് ടീമിലേക്കുള്ള വഴി തുറന്നത്. ഇംഗ്ലണ്ടിൽ ജെ.ഡി സ്പോർട്സ് ഫാക്ടറിയിലെ സെയിൽസ്മാനാണ് മഷ്ഹൂദ് . മകന്റെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് പൊന്നാനി സ്വദേശി കൂരാറ്റന്റെ ഖമറുദ്ദീനും ഭാര്യ ഫാത്തിമയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.