ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം മത്സ്യങ്ങൾ ചത്തുപൊങ്ങി
text_fieldsപൊന്നാനി: പൊന്നാനി ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കായലിലെ ജലം മലിനമായതും, അശാസ്ത്രീയ മത്സ്യബന്ധനവുമാണ് കാരണമെന്നാണ് പരാതി.
അനധികൃത മത്സ്യബന്ധനത്തിനായി കായലുകളിൽ സ്ഥാപിച്ചിട്ടുള്ള പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള തുരുമ്പ് തടയിണ, ഓല കുലച്ചിൽ, ഉപയോഗശൂന്യമായ ടയറുകൾ, ചീനലുകൾ എന്നിവ പൂർണമായും നീക്കം ചെയ്യാൻ അധികൃതർ തയാറാകാത്തതിനൊപ്പം കായലിലെ വെള്ളത്തിന്റെ അളവും ദിശയും മനസിലാക്കി ഷട്ടറുകൾ പ്രവർത്തിപ്പിക്കാത്തതിനാൽ ഓക്സിജന്റെ അളവ് കുറയുന്നതും മൂലമാണ് പ്രദേശത്ത് മത്സ്യസമ്പത്ത് നശിക്കാൻ കാരണമെന്നാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പരാതി.
ഷട്ടറിന് താഴെ കെട്ടിനിൽക്കുന്ന കുളവാഴകൾ ചീയുന്നതും മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനിടയാക്കുന്നുണ്ട്.
പൊന്നാനി താലൂക്കും അതിനോട് അനുബന്ധിച്ച് പ്രദേശങ്ങളും കൃഷിക്കും കുടിവെള്ളത്തിനും ആശ്രയിക്കുന്ന നൂറടി തോട് ഉൾപ്പെടെയുള്ളവയിൽ ഭൂരിഭാഗത്തിലും ജലം മലിനമായി കിടക്കുകയാണ്.
നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല. അനധികൃത മത്സ്യബന്ധനത്തിന് പുറമെ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥ മൂലം റഗുലേറ്റർ ഷട്ടറുകൾ പ്രവർത്തനരഹിതമായി കിടക്കുകയാണ്. ഇത് പൊന്നാനി താലൂക്കിലെ കുടിവെള്ള സ്രോതസ്സുകളും മത്സ്യബന്ധന മേഖലകളും നശിക്കാൻ വഴിയൊരുക്കും.
നിലവിലെ അവസ്ഥ തുടർന്നാൽ ഉൾനാടൻ മത്സ്യസമ്പത്ത് പാടെ നശിച്ചുപോവുകയും കുടിവെള്ളത്തിനും കൃഷിക്കും മറ്റൊരു സംവിധാനത്തെ ആശ്രയിക്കേണ്ടിയും വരും. വിഷയത്തിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികളും ട്രസ്റ്റും ഫിഷറീസ് വകുപ്പിനും കലക്ടർക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.