രേഖകളുടെ കൈമാറ്റം നീളുന്നു; സൈനുദ്ദീൻ മഖ്ദൂമിന് പൊന്നാനിയിൽ സ്മാരകം അനിശ്ചിതത്വത്തിൽ
text_fieldsപൊന്നാനി: ചരിത്രകാരനും കവിയും മതപണ്ഡിതനും സൂഫിവര്യനുമായിരുന്ന സൈനുദ്ദീന്‍ മഖ്ദൂമിന് പൊന്നാനിയില്‍ സ്മാരകം നിർമിക്കുന്നതിെൻറ ഭാഗമായി മഖ്ദൂമിയ ട്രസ്റ്റിന് കീഴിൽ പൊന്നാനിയിലുള്ള ദാഇറ എന്ന കെട്ടിടത്തിെൻറ രേഖകൾ കൈമാറുന്ന കാര്യം അനിശ്ചിതത്വത്തിൽ. സ്മാരകം നിർമിക്കാൻ 50 ലക്ഷം രൂപ കഴിഞ്ഞ സർക്കാറിെൻറ അവസാന ബജറ്റിൽ വകയിരുത്തിയിരുന്നു. ഇതിപ്പോൾ കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്.
മഖ്ദൂമിയ ട്രസ്റ്റിന് കീഴിലുള്ള പൊന്നാനിയിലുള്ള ദാഇറ എന്ന കെട്ടിടം സ്മാരകം നിർമിക്കാൻ വിട്ട് കൊടുക്കാമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാറിന് സമർപ്പിക്കുന്നതിൽ ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് മഖ്ദൂം സ്മാരക നിർമാണം അനന്തമായി നീളുന്നത്. ഒന്നാം സൈനുദ്ദീൻ മഖ്ദൂമിെൻറ വീട് പൊളിച്ചാണ് ഈ ദാഇറ നിർമിച്ചിരുന്നത്. അതാണിപ്പോൾ സ്മാരകമാക്കാൻ വിട്ടുകൊടുക്കാതിരിക്കുന്നത്. സൈനുദ്ദീൻ മഖ്ദൂം താമസിച്ച പഴയ വീടിെൻറ അടുക്കളയുടെ ചുമര് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ പ്രത്യേക താല്പര്യമാണ് സ്മാരക മന്ദിരത്തിനുള്ള നീക്കങ്ങള്‍ പുരോഗമിക്കാന്‍ ഇടയാക്കിയത്. പറങ്കികള്‍ക്കെതിരായ പോരാട്ടത്തിന് ആഹ്വാനംചെയ്ത ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍, കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ തുടങ്ങി മഖ്ദൂം രചിച്ച പുസ്തകങ്ങള്‍ വിദേശ സർവകലാശാലകളിലടക്കം പഠന വിഷയങ്ങളാണ്. ഗ്രന്ഥകര്ത്താവിെൻറ കര്‍മമണ്ഡലമായ പൊന്നാനിയില്‍ അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് സ്മാരകം നിര്‍മിക്കാന്‍ പുതിയ ട്രസ്റ്റിന് രൂപം നല്‍കിയത്. ദാഇറ കെട്ടിടം വിട്ടുകൊടുത്താലും ഇല്ലെങ്കിലും സ്മാരകം ഉടൻ നിർമിക്കണമെന്നാണ് പൊന്നാനിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.