സബ്ട്രഷറിക്ക് പിന്നാലെ സബ് രജിസ്ട്രാർ ഓഫിസും സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റാൻ നീക്കം
text_fieldsപൊന്നാനി: പൊന്നാനി കോടതി കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകളോരോന്നും സ്വകാര്യ കെട്ടിടങ്ങളിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥ ഒത്താശയോടെ ശ്രമം നടക്കുന്നതായി വ്യാപക ആക്ഷേപം.
കോടതി കെട്ടിട സമുച്ചയത്തിെൻറ ശോച്യാവസ്ഥയുടെ മറവിലാണ് പുതിയ നീക്കം. പൊന്നാനി താലൂക്ക് ഓഫിസ് കോമ്പൗണ്ടിൽ അഞ്ച് സെന്റ് സ്ഥലം അനുവദിച്ചിട്ടും ഇവിടെ പുതിയ കെട്ടിടം നിർമിക്കാനുള്ള തീരുമാനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് രജിസ്ട്രാർ ഓഫിസും സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കം സജീവമായത്. നേരത്തേ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി സബ്ട്രഷറിയും സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
നിലവിലെ സബ് രജിസ്ട്രാർ ഓഫിസ് കോടതി കെട്ടിടത്തിലെ താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഓഫിസ് ഫയലുകൾ സൂക്ഷിക്കുന്നത് കെട്ടിടത്തിന് മുകളിലെ നിലയിലാണ്. ഇവിടെ നിലമുൾപ്പെടെ തകർന്നിട്ടുമുണ്ട്.
മുകൾനിലയിലെ കേടുപാടുകളെത്തുടർന്ന് രണ്ട് വർഷം മുമ്പാണ് ഓഫിസ് താഴത്തെ നിലയിലേക്ക് മാറ്റിയത്. എന്നാൽ, സബ് രജിസ്ട്രാർ ഓഫിസ് നിർമിക്കാനുള്ള സ്ഥലം നേരത്തേ ലഭ്യമായിട്ടും കെട്ടിട നിർമാണത്തിനുള്ള നീക്കങ്ങളൊന്നുമായിട്ടില്ല. സബ്ട്രഷറി ഓഫിസ് പ്രവർത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലവും വകുപ്പ് അധികൃതർ തേടുന്നുണ്ട്. കോടതി കെട്ടിടം തകർച്ചയിലേക്ക് നീങ്ങുമ്പോൾ താലൂക്ക് ഓഫിസ് കോമ്പൗണ്ടിൽ തന്നെ കൂടുതൽ ഓഫിസുകൾക്ക് പ്രവർത്തിക്കാവുന്ന തരത്തിൽ ഇരുനില കെട്ടിടം നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.