ദേശീയപാതയിലെ പാലം വീണ്ടും തകർന്നു
text_fieldsപൊന്നാനി: പല തവണ അറ്റകുറ്റപണി നടത്തിയ പാലം വീണ്ടും തകർന്ന് തരിപ്പണമായി. പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ കനോലി കനാലിനു കുറുകെ ആറ് വർഷം മുമ്പ് നിർമിച്ച പൊന്നാനി പളളപ്രം പാലത്തിൽ ആറിലേറെ തവണയാണ് അറ്റകുറ്റപണികൾ നടന്നത്. ഒരു വർഷം മുമ്പ് സ്ലാബ് ഇളകിയതിനെത്തുടർന്ന് ആഴ്ചകളോളം ഗതാഗതം നിയന്ത്രിച്ച് ജോയന്റ് സ്പാനുകളിലെ വിള്ളൽ മാറ്റിയിടത്താണ് വീണ്ടും തകർച്ച ഉണ്ടായത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ജോയന്റ് സ്പാനുകൾ ആടിയുലയുകയാണ്. നേരത്തെയും ഇതേ സ്ഥിതിയുണ്ടായതിനെത്തുടർന്ന് കോൺക്രീറ്റ് ഇട്ട് അടച്ചെങ്കിലും, ആഴ്ചകൾക്കകം പാലം ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നത്.
പല തവണ പാലത്തിന്റെ എക്സ്പാൻഷൻ ജോയന്റിലെ കോൺക്രീറ്റുകൾ അടർന്ന് നിർമാണ കമ്പനിയായ ഇ.കെ.കെ എൻറർപ്രൈസസ് രംഗത്തെത്തി താൽക്കാലിക അറ്റകുറ്റപണികൾ നടത്തുകയും ചെയ്തിരുന്നെങ്കിലും ഫലമില്ല. ഏഴ് മീറ്റർ ഉയരത്തിലുള്ള സ്പാനുകളിൽ ഗർഡറുകൾ സ്ഥാപിച്ചാണ് മുകളിൽ കോൺക്രീറ്റ് ചെയ്തിട്ടുള്ളത്.
35. 75 കോടി രൂപ ചിലവിൽ നിർമാണം പൂർത്തിയാക്കിയ പദ്ധതി ആറ് വർഷം പിന്നിടുമ്പോഴേക്കും തകർന്നതിൽ പ്രതിഷേധം ശക്തമാണ്. പാലത്തിന് പതിവായുണ്ടാകുന്ന കേടുപാടുകൾ ദേശീയപാത വിഭാഗം അധികൃതർ നിർമാണ കമ്പനിയെ അറിയിച്ചിരുന്നു. നിർമാണം കഴിഞ്ഞ് വൈകാതെ തകർച്ച സംഭവിച്ചത് നിർമാണത്തിലെ അപാകത കൊണ്ടാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വർഷങ്ങൾക്കകം തന്നെ പാലത്തിൽ കേടുപാടുകൾ ഉണ്ടായതിൽ യാത്രക്കാരും നാട്ടുകാരും ആശങ്കയിലും പ്രതിഷേധത്തിലുമാണ്. കൃത്യമായ അളവിൽ കോൺക്രീറ്റിങ് നടത്താത്തതിനാലാണ് കേടുപാടുകൾ ഉണ്ടായതെന്ന ആരോപണവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.