ദേശീയപാത: പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ മേൽപാലം നിർമാണം അതിവേഗത്തിൽ
text_fieldsപൊന്നാനി: കുറ്റിപ്പുറം-ചാവക്കാട് ദേശീയപാതയിൽ ഏറ്റവും ജനത്തിരക്കേറിയ പ്രധാന ജങ്ഷനായ പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ മേൽപാലം നിർമാണം അതിവേഗം പുരോഗമിക്കുന്നു. തൂൺ പ്രവൃത്തി പൂർത്തിയായി. സ്ലാബ് നിർമാണം ആരംഭിച്ചു. ഇരു ഭാഗത്തുമായി അഞ്ച് തൂണുകൾ വീതമുള്ള പാലമാണ് നിർമിക്കുന്നത്. അര കിലോമീറ്ററോളം നീളമാണ് പാലത്തിനുള്ളത്. ദേശീയപാത ആറുവരി പാതയാക്കുന്നതിന്റെ ഭാഗമായാണ് ചമ്രവട്ടം ജങ്ഷനിൽ മേൽപാലം നിർമിക്കുന്നത്. നാല് ജങ്ഷനുകൾ സംഗമിക്കുന്ന ഇടമായതിനാൽ വലിയ മേൽപാലമാണ് നിർമിക്കുന്നത്. നിർമാണ സമയത്തുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ നേരത്തെ അപ്രോച്ച് റോഡ് നിർമിച്ചിരുന്നു.
തേഞ്ഞിപ്പലം മുതൽ പുതുപൊന്നാനി വരെ 20 ഇടങ്ങളിലാണ് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കുന്നത്. കാലിക്കറ്റ് സർവകലാശാല, വെട്ടിച്ചിറ, പൊന്നാനി ജങ്ഷൻ എന്നിവിടങ്ങളിലാണ് മേൽപാലം പണിയുന്നത്. കുറ്റിപ്പുറം മുതൽ തൃശൂർ ജില്ല അതിർത്തി വരെയുള്ള ഭാഗങ്ങളിലാണ് അടിപ്പാത നിർമാണം ദ്രുതഗതിയിൽ നടക്കുന്നത്. ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലങ്ങളിലെ പ്രധാന ഇടറോഡുകൾ വരുന്ന ഭാഗങ്ങളിലാണ് അടിപ്പാത നിർമാണം. തവനൂർ അയിങ്കലം, നരിപ്പറമ്പ്, വെളിയങ്കോട്, പുതിയിരുത്തി എന്നിവിടങ്ങളിൽ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. വെളിയങ്കോട് അടിപ്പാതക്ക് പകരം തൂണുകളുപയോഗിച്ചുള്ള പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുണ്ട്. റോഡിൽ മണ്ണിട്ടുയർത്തി താഴെ 25 മീറ്ററിൽ വാഹനങ്ങൾക്ക് മറു ദിശയിലേക്ക് പോകാവുന്ന തരത്തിലാണ് പാലം നിർമാണം. ജൂണോടെ നിർമാണം പൂർത്തീകരിക്കും. നിർമാണ പുരോഗതി വിലയിരുത്താൻ വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിങ്കളാഴ്ച സ്ഥലം സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.