ദേശീയപാത: പുതുപൊന്നാനിയിലും ഉറൂബ് നഗറിലും അടിപ്പാത
text_fieldsപൊന്നാനി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുതുപൊന്നാനിയിലും ഉറൂബ് നഗറിലും അടിപ്പാത നിർമിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മെട്രോമാൻ ഇ. ശ്രീധരന് ഉറപ്പുനൽകിയതായി ‘കർമ്മ’ രക്ഷാധികാരി ബഷീറും അഡ്വ. കെ.പി. അബ്ദുൽ ജബ്ബാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ ഗഡ്കരിയെ കണ്ടിരുന്നു. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ പുതുപൊന്നാനിയിലും ഉറൂബ് നഗറിലും അടിപ്പാത ഇല്ലെങ്കിൽ ഉണ്ടാകുന്ന യാത്രാ ദുരിതം നേരിട്ടറിയിക്കാനായിരുന്നു സന്ദർശനം.
അടിപ്പാത നിർമിച്ചില്ലെങ്കിൽ ഉണ്ടാകുന്ന യാത്രാപ്രശ്നങ്ങൾ വിശദീകരിച്ച ശ്രീധരന് രണ്ടിടത്തും അടിപ്പാത നിർമിക്കാനാവശ്യമായത് ചെയ്യുമെന്ന് മന്ത്രി ഉറപ്പു നൽകുകയായിരുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് മന്ത്രി വിശദീകരണം തേടി.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ ഉറൂബ് നഗറിലും പുതുപൊന്നാനിയിലും സന്ദർശനം നടത്തി സാധ്യതകൾ ആരായും. പൊതുജനാവശ്യത്തെ തുടർന്ന് ഇ. ശ്രീധരൻ പുതുപൊന്നാനിയിലും ഉറൂബ് നഗറിലും നേരത്തെ സന്ദർശനം നടത്തിയിരുന്നു. അടിപ്പാതയുടെ ആവശ്യകത വിശദമായി പഠിക്കുകയും കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു. അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ സന്ദർശിച്ച് വിഷയമവതരിപ്പിച്ചത്.
ദേശീയപാത വികസനം യാഥാർഥ്യമാകുന്നതോടെ റോഡിനപ്പുറത്തെത്താൻ പുതുപൊന്നാനിയിലും ഉറൂബ് നഗറിലുമുള്ളവർക്ക് കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്.
പുതുപൊന്നാനി മേഖലയിലുള്ളവർക്ക് ആനപ്പടിയിലോ വെളിയങ്കോടോ പോയി കറങ്ങി വന്നുവേണം റോഡിനപ്പുറത്തെത്താൻ. ഉറൂബ് നഗറിലുള്ളവർക്ക് പള്ളപ്രത്തോ, ചമ്രവട്ടം ജങ്ഷനിലോ എത്തണം. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഇ. ശ്രീധരൻ ഇടപെട്ടത്.
പ്രശ്നം ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കപ്പെടില്ലെന്നായപ്പോൾ രണ്ടു മേഖലയിൽ നിന്നുള്ളവർ ഹൈകോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്ന് കോടതി ദേശീയപാത അധികൃതരോട് നിർദേശിച്ചു. എന്നാൽ പരാതിക്കാരെ കേൾക്കാൻ ഇതുവരെ ദേശീയപാത അധികൃതർ തയാറായിട്ടില്ലെന്ന് വിഷയത്തിൽ ഹൈകോടതിയിൽ ഹാജരായ അഡ്വ. കെ.പി. അബ്ദുൽ ജബ്ബാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.