പുതുപൊന്നാനി ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം
text_fieldsപൊന്നാനി: നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടനിർമാണത്തിനുള്ള തടസ്സങ്ങൾ നീങ്ങുന്നു. കെട്ടിടനിർമാണം ഫെബ്രുവരി 15ന് ആരംഭിക്കാൻ പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ഈ മാസം 20ന് ആശുപത്രി പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റും. 30നകം നിലവിലെ കെട്ടിടം പൊളിച്ചുനീക്കൽ പൂർത്തീകരിക്കും. നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ സാങ്കേതിക തടസ്സങ്ങളും നീക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. ഫെബ്രുവരി 15ന് തറക്കല്ലിടൽ കഴിഞ്ഞാൽ ഒമ്പത് മാസത്തിനകം ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എം.എൽ.എ നിർദേശം നൽകി. നാഷനൽ ആയുഷ് മിഷന്റെ 2022-23 വർഷത്തെ ഒരുകോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നിർമാണം നടത്തുക. തുടർന്ന് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നനുവദിച്ച ഒരുകോടി രൂപ ചെലവിൽ രണ്ടാംഘട്ട പ്രവർത്തനങ്ങളും നടക്കും. കെ.എച്ച്.ആർ.ഡബ്ല്യൂ.എസിനാണ് നിർമാണ ചുമതല.
ജില്ലയിലെ തീരദേശത്തുള്ള ഏക ആയുർവേദ ആശുപത്രിയായ പുതുപൊന്നാനി ആശുപത്രിയെ ചാവക്കാട് മുതൽ, തിരൂർ വരെയുള്ള മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്നുണ്ട്. ഏറെ സ്ഥലപരിമിതികൾക്കിടയിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
2010-15 കാലയളവിൽ നിർമിച്ച മുകൾനിലയിലെ കെട്ടിടം സ്ഥലപരിമിതി മൂലം ഉപയോഗശൂന്യമാണ്. ഇടുങ്ങിയ മുറികളിലാണ് ഒ.പി പരിശോധന ഉൾപ്പെടെ നടക്കുന്നത്. യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, സ്ഥിരംസമിതി അധ്യക്ഷരായ ഷീന സുദേശൻ, രജീഷ് ഊപ്പാല, കൗൺസിലർ ബാദുഷ, മെഡിക്കൽ ഓഫിസർ ഡോ. സിജിൻ, നാഷനൽ ആയുഷ് മിഷൻ ജില്ല പ്രോജക്ട് മാനേജർ കബീർ, എൻജിനീയർ അക്ഷയ്, നാഷനൽ ഹെൽത്ത് മിഷൻ എൻജിനീയർ ഷഹീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.