പൊന്നാനി ബിയ്യം പുളിക്കകടവിൽ പുതിയ ടൂറിസം പദ്ധതികൾ
text_fieldsപൊന്നാനി: പ്രാദേശിക വിനോദ സഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന പൊന്നാനിയിലെ വിവിധ പ്രദേശങ്ങളിൽ ടൂറിസം വികസനം ലക്ഷ്യമിട്ട് ബിയ്യം പുളിക്കകടവിൽ പുതിയ ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. ജില്ല ടൂറിസം വകുപ്പ് പൊന്നാനി നഗരസഭക്ക് വിട്ടുനൽകിയ പുളിക്കകടവ് പ്രദേശത്ത് അമ്യൂസ്മെന്റ് പാർക്ക്, വാട്ടർ തീം പാർക്ക്, വാട്ടർ സ്പോർട്സ്, സ്വിമ്മിങ് പൂൾ, പവലിയൻ നവീകരണം ഉൾപ്പെടെയുള്ളവയും പൊന്നാനി നിളയോര ടൂറിസം പാലത്തിന് താഴെയുള്ള നഗരസഭയുടെ കുളം പുനർനിർമിച്ച് ഇതിനോടനുബന്ധിച്ച് പാർക്കും വൈകുന്നേരങ്ങളിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടങ്ങൾ ഉൾപ്പെടെ ഒരുക്കാനും നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി.
ഇതോടെ പ്രാദേശിക ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഭാരതപ്പുഴയിൽ ടൂറിസം ബോട്ടുകളിൽ സഞ്ചരിക്കാനായി ദിനംപ്രതി ആയിരങ്ങളാണ് വിവിധയിടങ്ങളിൽനിന്ന് പൊന്നാനിയിലെത്തിയിരുന്നത്.
ടൂറിസം രംഗത്തെ സാധ്യതകൾ മുന്നിൽ കണ്ടാണ് കൂടുതൽ പദ്ധതികൾ തയാറാക്കാൻ നഗരസഭ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അമൃത് പദ്ധതി പ്രോജക്ട് എൻജിനീയർ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. കൂടാതെ മേയ് 30ന് അംഗൻവാടി പ്രവേശനോത്സവവും ജൂൺ ഒന്നിന് സ്കൂൾ പ്രവേശനോത്സവവും വിപുലമായി നടത്താനും നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.