വരുന്നു, നിളയോരപാതയില്‍ അന്താരാഷ്ട്ര നിലവാരത്തിൽ കണ്വെന്ഷന് സെന്റര്‍
text_fieldsപൊന്നാനി: നിളയോരപാതയില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള കണ്വെന്ഷന് സെന്റര്‍ വരുന്നു. അമൃത് 2.0 പദ്ധതിപ്രകാരം അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് ഉപയോഗിച്ചാണ് മള്‍ട്ടി ഫങ്ഷനല്‍ ഇന്റര്‍നാഷനല്‍ കമ്യൂണിറ്റി ഹാള്‍ എന്ന പേരില്‍ കണ്വെന്ഷന് സെന്റര്‍ വരുന്നത്. 25 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 15 കോടിരൂപ അനുവദിച്ചു. പദ്ധതിയുടെ ഡി.പി.ആര് ഉടന്‍ തയാറാക്കും. പദ്ധതിക്ക് പൊന്നാനി നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്കി. നിളയോര പാതയോട് ചേര്‍ന്ന് ഭദ്രാം കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ റവന്യൂ വകുപ്പിന്റെ രണ്ട് ഏക്കര്‍ ഭൂമിയിലാണ് പദ്ധതി വരിക. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കാന്‍ നഗരസഭ നടപടികള്‍ ആരംഭിച്ചു. രണ്ട് നിലകളിലായാണ് കണ്വെന്ഷന് സെന്റര്‍ നിർമിക്കുക. തൂണില്‍ നിർമിക്കുന്ന കെട്ടിടത്തിന്റെ താഴ്ഭാഗം പൂർണമായും പാര്‍ക്കിങ് സൗകര്യമൊരുക്കും. ഒന്നാം നിലയില്‍ കണ്വെന്ഷന് സെന്റര്‍. രണ്ടാം നിലയില്‍ ലോഡ്ജ് മുറികള്‍. കെട്ടിടത്തിന്റെ വശങ്ങളില് കഫ്റ്റീരിയ.
വിശാലമായ ഡൈനിങ് ഹാള്‍. മാലിന്യ സംസ്കരണത്തിന് വിപുലമായ പ്ലാന്റ്. കുടിവെള്ള സംസ്കരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയാണ് പദ്ധതി പ്രദേശത്ത് വിഭാവനം ചെയ്യുന്നത്. കെട്ടിടത്തില്‍ ഡോര്‍മെട്രി സൗകര്യവുമുണ്ടാകും. അമൃത് പദ്ധതി പ്രകാരം അനുവദിക്കുന്ന അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് ഉപയോഗിച്ച് വരുമാനദായകമായ പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. ഇത് പ്രകാരമാണ് കണ്വെന്ഷന് സെന്ററിന്റെ പ്രൊജക്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചത്.
25 കോടി രൂപയുടെ പദ്ധതിക്ക് 15 കോടി അനുമതിയായതോടെ പദ്ധതി യാഥാർഥ്യമാകുമെന്ന് ഉറപ്പായി. ഈ തുക തിരിച്ചടക്കേണ്ടതാണ്. അതുകൊണ്ടാണ് വരുമാനദായക പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നിർദേശിച്ചത്. നിളയോര പാതയിലെ ടൂറിസം സാധ്യതകള്‍ മുന്നില്‍കണ്ടാണ് കഫ്റ്റീരിയകളോടു കൂടിയ കണ്വെന്ഷന് സെന്ററിനുള്ള പദ്ധതി നഗരസഭ തയാറാക്കിയത്. വലിയ യോഗങ്ങളും പരിപാടികളും സംഘടിപ്പിക്കാവുന്ന തരത്തിലുള്ള കണ്വെന്ഷന് സെന്ററാണ് പരിഗണിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും സജ്ജമാക്കുക. വിനോദസഞ്ചാരികള്‍ക്ക് പുഴയുടെ സൗന്ദര്യം ആസ്വദിച്ച് താമസിക്കാവുന്ന തരത്തിലുള്ള മുറികളാണ് സജ്ജീകരിക്കുക. പൊന്നാനിയുടെ തനത് ഭക്ഷണവിഭവങ്ങളും കടല്‍ മത്സ്യങ്ങളുടെ വിവിധ ഇനങ്ങളും ലഭ്യമാക്കുന്ന തരത്തിലായിരിക്കും കഫ്റ്റീരിയകള്‍ ഒരുക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ഡി.പി.ആര് അതിവേഗം തയാറാക്കാനാണ് തീരുമാനം. പദ്ധതി പ്രദേശം തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഇത് മറികടക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കും. നഞ്ച ഭൂമി ആയതിനാല്‍ ഇത് തരംമാറ്റാനുള്ള നടപടികളും തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.