പൊന്നാനി കടപ്പുറത്ത് വള്ളങ്ങൾ കെട്ടിയിടാൻ സൗകര്യമില്ല
text_fieldsപൊന്നാനി: പൊന്നാനി ഹാർബറിൽ ബോട്ടുകൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമ്പോഴും വള്ളങ്ങൾ നിർത്തിയിടുന്നതിനും അറ്റകുറ്റപ്പണികൾക്കും അധികൃതർ സൗകര്യമൊരുക്കുന്നില്ലെന്ന പരാതി വ്യാപകം. നൂറിലേറെ ഇൻബോർഡ്, ഔട്ട് ബോർഡ് വള്ളങ്ങളാണ് പൊന്നാനിയിലുള്ളത്.
എന്നാൽ, മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന വള്ളങ്ങളിലെ മത്സ്യം കരക്കെത്തിക്കുന്നതിനോ നങ്കൂരമിടുന്നതിനോ ഒരു സൗകര്യവുമില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. പലപ്പോഴും പുഴയിൽ തന്നെ വള്ളങ്ങൾ നങ്കൂരമിടേണ്ട സ്ഥിതിയാണ്. ഇതുമൂലം വള്ളങ്ങളിൽനിന്ന് സാധനങ്ങൾ ഉൾപ്പെടെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്.
പുഴയിൽ തന്നെ നങ്കൂരമിടുന്നതിനാൽ ശക്തമായ കാറ്റിൽ വള്ളങ്ങൾ കടലിലേക്ക് ഒഴുകി പോകാറുണ്ട്. വള്ളങ്ങൾ കെട്ടിയിടുന്നതിനും മത്സ്യങ്ങൾ ഇറക്കുന്നതിനുമായി പുഴയിൽ ഒഴുക്ക് കുറഞ്ഞ സ്ഥലത്ത് വാർഫ് നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. വള്ളങ്ങളിലെ വലകളുടെ കേടുപാടുകൾ തീർക്കുന്നതിന് സൗകര്യമില്ലാത്തതോടെ പൊരിവെയിലത്താണ് തൊഴിലാളികൾ ഇവ നടത്തുന്നത്.
ഹാർബറിലെ വാർഫിൽ ബോട്ടുകളിലെ തൊഴിലാളികൾ മാത്രമാണ് വലയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇത് പലപ്പോഴും ബോട്ടിലെ തൊഴിലാളികളും,വള്ളങ്ങളിലെ തൊഴിലാളികളും തമ്മിൽ വാക്കേറ്റത്തിനും ഇടയാക്കാറുണ്ട്. അതേസമയം, ഭാരതപ്പുഴയിലെ കിഴക്ക് ഭാഗത്ത് വള്ളങ്ങൾ നിർത്താൻ വാർഫ് നിർമിക്കാനുള്ള പ്രപ്പോസൽ ഹാർബർ എൻജിനീയറിങ് വിഭാഗം തയാറാക്കി മാസങ്ങൾ കഴിഞ്ഞെങ്കിലും തുടർനടപടികൾ ഒന്നുമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.