സ്കൂളുകളിലെ ഇ വേസ്റ്റുകൾ ഇനി പാഴാവില്ല
text_fieldsപൊന്നാനി: പുതിയ കാലത്തിന്റെ ഭീഷണിയായ ഇ- വേസ്റ്റുകൾ പരമാവധി കുറക്കുന്നതിന്റെ ഭാഗമായി നഗരസഭാപരിധിയിലെ സർക്കാർ സ്കൂളുകളിലെ കേടായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ശരിയാക്കുന്നതിനുള്ള നഗരസഭ റിപ്പയറിങ് ക്ലിനിക്കിന് തുടക്കമായി. നഗരസഭ പരിധിയിലെ ഒമ്പത് സർക്കാർ സ്കൂളുകളിൽ നിന്നായി 95 ശതമാനം പുനരുപയോഗ സാധ്യതയുള്ള ഇ വേസ്റ്റുകൾ നന്നാക്കുന്ന പ്രവൃത്തികളാണ് ആദ്യ ഘട്ടത്തിൽ നടന്നത്.
സംസ്ഥാന സർക്കാറിന്റെ റിപ്പയർ, റെഡ്യൂസ്, റീയൂസ് കാമ്പയിന്റെ ഭാഗമായി, നഗരസഭ റെഡ്യൂസ് @ ഇ-വേസ്റ്റ് എന്ന പേരിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേടുവന്നതിനെത്തുടർന്ന് സ്കൂളിൽനിന്ന് റിപ്പയറിങ് സെന്ററിലെത്തിച്ച് ശരിയാക്കിയ ഡസ്ക്ടോപ്പ്, ലാപ് ടോപ്, മോണിറ്ററുകൾ എന്നിവ സ്കൂൾ അധികൃതർക്ക് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.മുഹമ്മദ് ബഷീർ തിരിച്ചുനൽകി പദ്ധതിക്ക് തുടക്കം കുറിച്ചു. കെൽട്രോൺ ആണ് പദ്ധതിയുടെ നടത്തിപ്പുകാർ.
കെൽട്രോൺ നിയോഗിച്ച ടെക്നീഷ്യന്മാർ രണ്ട് ദിവസം ക്യാമ്പ് ചെയ്ത് ഉപകരണങ്ങൾ റിപ്പയർ ചെയ്യും. തുടർ വർഷങ്ങളിൽ നഗരസഭക്ക് വിട്ടുകിട്ടിയ മുഴുവൻ സ്ഥാപനങ്ങളിലെയും ഉപകരണങ്ങൾ ഇത്തരത്തിൽ പുനരുപയോഗക്ഷമമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യും. കെൽട്രോൺ ടെക്നീഷ്യൻമാരായ വിഷ്ണു ലാൽ, ജിനേഷ്, അനൂപ്, നിധീഷ്, ഷിജോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.