വാടക നൽകിയില്ല; പൊന്നാനി നഗരസഭയിലെ ജനകീയ ഹോട്ടൽ പൂട്ടി
text_fieldsപൊന്നാനി: സംസ്ഥാന സർക്കാറിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കുടുംബശ്രീക്ക് കീഴിൽ പുളിക്കടവ് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ അടച്ചു പൂട്ടി. നഗരസഭ ഏഴ് മാസത്തെ വാടക നൽകാത്തതിനെത്തുടർന്ന് കെട്ടിട ഉടമയാണ് ഹോട്ടലിന് ഷട്ടറിട്ടത്.
20 രൂപക്ക് ഊൺ നൽകുന്നതിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണമെന്ന സ്വപ്നത്തിനാണ് നഗരസഭയുടെ അലംഭാവം മൂലം ഷട്ടറിട്ടത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറാൻ ശ്രമം നടക്കുന്നതിനിടയിലാണ് കെടിടത്തിന്റെ വാടകയും കുടിവെള്ള കരവും നൽകാതെ ഒന്നര മാസത്തോളമായി ജനകീയ ഹോട്ടൽ അടച്ചിട്ടത്. ഇതിന് മുമ്പും കൃത്യമായ വാടക നൽകാത്തതിനാൽ ഹോട്ടൽ പൂട്ടിയിരുന്നു.
2023 ജൂൺ മുതൽ ഡിസംബർ വരെയുള്ള വാടകയായ തൊണ്ണൂറ്റിയൊന്നായിരത്തി എണ്ണൂറ് രൂപയാണ് നഗരസഭ കെട്ടിട ഉടമക്ക് നൽകാനുള്ളത്. വാടക ചോദിച്ച് കഴിഞ്ഞ ദിവസം നഗരസഭ ഓഫിസിലെത്തിയ ഉടമയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു.
2023 ജൂണിൽ കരാർ കാലാവധി കഴിയുന്നതിന് മുമ്പുതന്നെ കെട്ടിടം ഒഴിഞ്ഞു നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സാവകാശം ചോദിക്കുകയും വാടക നൽകാതെ പ്രയാസപ്പെടുത്തുകയും ചെയ്തെന്നാണ് കെട്ടിട ഉടമ പറയുന്നത്.
നഗരസഭയുടെ അലംഭാവത്തിന്റെയും അഹങ്കാരത്തിന്റെയും അവസാന ഉദാഹരണമാണ് ജനകീയ ഹോട്ടൽ പൂട്ടിയതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. കോവിഡിനെത്തുടർന്ന് സാമൂഹ്യ അടുക്കളയും ജനകീയ ഹോട്ടലും മാതൃകാപരമായി നടത്തിയ നഗരസഭയായ പൊന്നാനിയിലാണ് അധികൃത അലംഭാവം ഹോട്ടലിന് വിനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.