പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ ലേലത്തിലൂടെ ലഭിച്ചത് 2.77 കോടി
text_fieldsപൊന്നാനി: വർഷങ്ങളായി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് സമീപത്തും റോഡരികിലുമായി നിർത്തിയിട്ടിരുന്ന ഉപയോഗശൂന്യമായതും അവകാശികളില്ലാത്തതുമായ വാഹനങ്ങളുടെ ലേല നടപടികൾ പുരോഗമിക്കുന്നു. 2019 നവംബറിനുശേഷം നടന്ന ലേലത്തിലൂടെ 2,77,55,323 രൂപയാണ് സർക്കാറിന് ലഭിച്ചത്. 1225 വാഹനങ്ങളും തുരുമ്പെടുത്ത് നശിച്ച വാഹനങ്ങളുമാണ് ലേലം വഴി വിറ്റഴിക്കുന്നത്.
വ്യാഴാഴ്ച പൊന്നാനി പൊലീസ് സ്റ്റേഷന് കീഴിൽ നടന്ന ലേലത്തിൽ 85,73,500 രൂപക്കാണ് കസ്റ്റഡി വാഹനങ്ങൾ വിറ്റത്. മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരുന്നു ലേലം. ഇതിൽ കൂടുതൽ കേടുപാടുകൾ സംഭവിക്കാത്ത വാഹനങ്ങൾ 73,05,000 രൂപക്കും സ്ക്രാപ്പുകൾ 12,68,500 രൂപക്കും ലേലത്തിൽ പോയി.
പത്ത് വർഷത്തിലധികം പഴക്കമേറിയ ലോറികളും ഓട്ടോറിക്ഷകളും ബൈക്കുകളുമുൾപ്പെടെ വാഹനങ്ങളാണ് ലേലത്തിൽ വെച്ചത്. പത്ത് വർഷത്തിൽ കൂടുതൽ അനാഥമായി കിടക്കുന്ന വാഹനങ്ങളുടെ ആർ.സി ഉടമക്ക് നോട്ടീസ് നൽകുകയും തുടർന്ന് ആർ.ടി.ഒ വില നിശ്ചയിച്ച് എസ്.പിക്ക് റിപ്പോർട്ട് നൽകുകയും തുടർന്ന് വിജ്ഞാപനമിറക്കി ഓൺലൈൻ ലേലത്തിന് ശേഷമാണ് വാഹനങ്ങൾ ലേലത്തിൽ വിൽക്കുന്നത്. ലേല നടപടികൾക്ക് പൊന്നാനി സി.ഐ മഞ്ജിത് ലാൽ, എസ്.ഐ മനോജ് എന്നിവർ നേതൃത്വം നൽകി. മുപ്പതോളം പേർ ലേല നടപടികളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.