പൊന്നാനി–കുറ്റിപ്പുറം ദേശീയപാതയിൽ സ്വകാര്യ ബസുകൾക്ക് വിലക്ക്
text_fieldsപൊന്നാനി: പൊന്നാനി- -കുറ്റിപ്പുറം ദേശീയപാത യാഥാർഥ്യമായി ഒരു പതിറ്റാണ്ടിനോടടുത്തിട്ടും സ്വകാര്യ ബസുകൾക്ക് യാത്രവിലക്ക്. പൊന്നാനിയിൽനിന്ന് കുറ്റിപ്പുറത്തേക്ക് എത്താൻ റോഡുണ്ടായിട്ടും സാധാരണക്കാർക്ക് കിലോമീറ്ററുകൾ ചുറ്റണം. കോഴിക്കോട്-- എറണാകുളം റൂട്ടിലെ എളുപ്പമാർഗമായ കുറ്റിപ്പുറം-- പുതുപൊന്നാനി പാതയിലൂടെ സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് സഞ്ചരിക്കാനാവുന്നത്.
പാതയിലൂടെ പ്രാദേശിക ബസ് റൂട്ടില്ലാത്തതിനാൽ ദേശീയപാതയോരത്തുള്ള പൊതുജനത്തിനും ഗുണം ലഭിക്കുന്നില്ല. നേരേത്ത പൊന്നാനിയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് സർവിസ് നടത്തിയിരുന്നെങ്കിലും വർഷങ്ങൾക്കകം ഇത് അവസാനിപ്പിച്ചു. പൊന്നാനിയിൽനിന്ന് കുറ്റിപ്പുറത്തേക്ക് എടപ്പാൾ വഴി ബസിൽ പോകേണ്ട ഗതികേടിലാണ് പൊന്നാനിയിലെ ജനങ്ങൾ.
എറണാകുളം-കോഴിക്കോട് ബസ് സർവിസുകൾക്ക് പൊന്നാനി ദേശീയപാത വഴിയുള്ള യാത്ര അനുമതിയും ഗതാഗത വകുപ്പ് നൽകുന്നില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കുറ്റിപ്പുറം--പൊന്നാനി ദേശീയപാതയിൽ സ്വകാര്യ ബസുകൾക്ക് യാത്രാനുമതി നൽകി യാത്രദുരിതത്തിന് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. എ. പവിത്രകുമാർ, എൻ.പി. സേതുമാധവൻ, യു. മുഹമ്മദുകുട്ടി, പ്രദീപ് കാട്ടിലായിൽ, കെ. ജയപ്രകാശ്, സി.എ. ശിവകുമാർ, എം. അബ്ദുൽ ലത്തീഫ്, എൻ.പി. നബീൽ, ഹിളർ കാഞ്ഞിരമുക്ക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.