സ്വാതന്ത്ര്യ സമരാവേശം പകർന്ന പുതുപൊന്നാനി സമ്മേളനത്തിന് നൂറ് വയസ്സ്
text_fieldsപൊന്നാനി: സ്വാതന്ത്ര്യ സമരത്തിന് ആവേശം പകർന്ന പുതുപൊന്നാനി സമ്മേളനത്തിന് നൂറ് വയസ്സ്. 1921 ജൂലൈ 24നായിരുന്നു പുതുപൊന്നാനി നാലാംകല്ലിൽ മലബാർ കലാപത്തിന് നാന്ദികുറിച്ച് സ്വാതന്ത്ര്യസമര പോരാളികളുടെ നേതൃത്വത്തിൽ ഐതിഹാസിക സമ്മേളനം നടന്നത്. ബ്രിട്ടീഷ് അനുകൂലികൾ പൊന്നാനി പാതാറിൽ സമ്മേളനം നടത്തിയ ദിവസമാണ് പണ്ഡിത സമ്മേളനം നാലാംകല്ലിൽ ചേർന്നത്.
ജൂലൈ 23ന് ഖിലാഫത്ത് പ്രസ്ഥാനത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും അണിചേർന്ന് സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചവർ കൂട്ടമായി പൊന്നാനിയിലെത്തിയെങ്കിലും ഇവരെ പൊന്നാനി അങ്ങാടിപ്പാലത്തിൽ തടഞ്ഞു. പൊന്നാനി കടപ്പുറത്ത് ഇവർ സംഗമിക്കുമെന്നറിഞ്ഞതോടെ ബ്രിട്ടീഷ് അനുകൂലികൾ പാതറിൽ സമ്മേളനം നടത്തി. എന്നാൽ, സ്വാതന്ത്ര്യദാഹികളായവർ പുതുപൊന്നാനി നാലാംകല്ലിൽ ബ്രിട്ടീഷ് വിരുദ്ധ സമ്മേളനം സംഘടിപ്പിച്ച് സ്വാതന്ത്ര്യ പോരാട്ടത്തിന് ഊർജമേകി. മലബാറിലെ ജനങ്ങൾക്കിടയിൽ പണ്ഡിതർക്കുള്ള സ്വാധീനം വളഞ്ഞ വഴിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിച്ച ബ്രിട്ടീഷുകാർക്ക് കനത്ത പ്രഹരമായിരുന്നു പുതുപൊന്നാനിയിലെ ഉലമ സമ്മേളനം. മജ്ലിസുൽ ഉലമ സംഘമാണ് സമ്മേളനം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തെ അനുകൂലിക്കുന്ന കേരളത്തിലെ മുസ്ലിം പണ്ഡിതരുടെ കൂട്ടായ്മയായിരുന്നു മജ്ലിസുൽ ഉലമ സംഘം. ഇ. മൊയ്തു മൗലവിയായിരുന്നു സെക്രട്ടറി.
വെല്ലൂർ ലത്തീഫിയ കോളജ് പ്രിൻസിപ്പൽ മൗലാന അബ്ദുൽ അസീസിെൻറ അധ്യക്ഷതയിലായിരുന്നു സമ്മേളനം നടന്നത്. സ്വാതന്ത്ര്യ സമര പോരാളി കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ മാതാവ് പുതുപൊന്നാനിക്കാരിയായിരുന്നു. ഇവരുടെ കുടുംബവകയായുള്ള സ്ഥലമായിരുന്നു വേദി.
അക്കാലത്ത് വെല്ലൂരിലും മറ്റും ഉപരിപഠനം നടത്തിയ അറനൂറോളം മുസ്ലിം പണ്ഡിതർ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ തന്നെയുണ്ടായിരുന്നു. ഈ പ്രദേശങ്ങളിൽനിന്നും ചാവക്കാട്, ചേറ്റുവ, കൊടുങ്ങല്ലൂർ, മട്ടാഞ്ചേരി തുടങ്ങി കൊച്ചിൻ സ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി പണ്ഡിതരുടെ നിര തന്നെ അന്ന് പുതുപൊന്നാനിയിലെത്തി. ഖിലാഫത്ത് വളൻറിയർമാരും പൊതുജനങ്ങളുമായ നൂറുകണക്കിന് പേർ വേറെയും. മുഹമ്മദ് അബ്ദുറഹ്മാെൻറ നേതൃത്വത്തിലാണ് പുതുപൊന്നാനി സമ്മേളനം ആസൂത്രണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.