പൊന്നാനി നഗരസഭയിൽ താൽക്കാലിക നിയമനത്തെച്ചൊല്ലി പ്രതിപക്ഷ ബഹളം
text_fieldsപൊന്നാനി: സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊന്നാനി നഗരസഭയിൽ അസി. എൻജിനീയർ തസ്തികയിൽ പിൻവാതിൽ നിയമനമെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. നഗരസഭ കൗൺസിൽ അജണ്ടയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാറടിസ്ഥാനത്തിൽ ഓവർസിയറായി സേവനമനുഷ്ഠിച്ചിരുന്ന ജീവനക്കാരന് പി.എസ്.സി നിയമനം ലഭിച്ചതിനെത്തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന തസ്തികയിലേക്കാണ് താൽക്കാലിക നിയമനം നടത്താൻ കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നത്. ഓവർസിയർക്ക് പകരം അസി. എൻജിനീയറെ കരാറടിസ്ഥാനത്തിൽ നിയമിക്കാനാണ് അജണ്ടയിൽ വന്നത്. ഒഴിവുള്ള തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിന് പകരം പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നടത്തുന്നെന്നാരോപിച്ചാണ് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായത്.
നേരത്തേ നടന്ന നിയമനത്തിൽ കേസ് നിലനിൽക്കെ വീണ്ടും ഇത്തരം നീക്കവുമായി മുന്നോട്ടുപോകുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷ തീരുമാനം. എന്നാൽ, നിയമാനുസൃതവും സുതാര്യവുമായാണ് നിയമന തീരുമാനമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, അനുപമ മുരളീധരൻ, മിനി ജയപ്രകാശ്, കെ. ഇസ്മായിൽ, റാഷിദ് നാലകത്ത്, എം.പി. ഷബീറാബി, ശബ്ന ആസ്മി, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.