തവനൂരിൽ പാസ്പോർട്ട് സേവാകേന്ദ്രം ഉടൻ -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsപൊന്നാനി: പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മണ്ഡലത്തിലെ തവനൂർ പോസ്റ്റ് ഓഫിസ് കേന്ദ്രീകരിച്ചാണ് കേന്ദ്രം പ്രവർത്തിക്കുക. ഇതിനുള്ള 600 ചതുരശ്ര അടി സ്ഥലം പോസ്റ്റ് ഓഫിസിൽ ലഭ്യമായിട്ടുണ്ട്. പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് പ്രവർത്തനം ആരംഭിക്കുമെന്നും എം.പി പറഞ്ഞു.
ജില്ലയിൽ കൂടുതൽ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ അനുവദിക്കണമെന്നത് വളരെ കാലത്തെ ആവശ്യമാണ്. ജില്ലയിലെ അപേക്ഷകർ നിലവിൽ ആശ്രയിക്കുന്നത് മലപ്പുറം പാസ്പോർട്ട് സേവാകേന്ദ്രത്തെയാണ്. പ്രവാസികൾ കൂടുതലുള്ള ജില്ലക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനം. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ എന്ന വിദേശ മന്ത്രാലയത്തിന്റെ നയം നിലവിലുണ്ടെങ്കിലും കോവിഡും മറ്റു പല സാങ്കേതിക കാരണങ്ങളും മൂലം അനുമതി വൈകുകയാണുണ്ടായത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി വിദേശ കാര്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയാണ്.
താനൂർ, തിരൂരങ്ങാടി, പൊന്നാനി, തവനൂർ എന്നീ സ്ഥലങ്ങൾ നിർദേശിച്ചിരുന്നുവെങ്കിലും തവനൂർ പോസ്റ്റ് ഓഫിസിലെ സൗകര്യം പരിഗണിച്ചാണ് അവിടെ അനുവദിച്ചതെന്ന് എം.പി പറഞ്ഞു. തപാൽ വകുപ്പിന്റെ ഭഗത്തുനിന്നുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് പോസ്റ്റ് മാസ്റ്റർ ജനറൽ എം.പിയെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.