പൊന്നാനിയിൽ ജങ്കാർ സർവിസ് പുനരാരംഭിക്കാൻ ആലോചന
text_fieldsപൊന്നാനി: പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിക്കുന്ന ജങ്കാർ സർവിസ് കരാറുകാർ നിർത്തലാക്കിയതോടെ പുതിയ ജങ്കാർ സർവിസ് ആരംഭിക്കുന്നതിനുള്ള നടപടികൾ നഗരസഭ ഊർജിതമാക്കി.
മറ്റു ജില്ലകളിൽ ജങ്കാർ സർവിസ് നടത്തുന്ന കരാറുകാരുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ പുതിയ ജങ്കാർ എത്തിച്ച് സർവിസ് പുനരാരംഭിക്കുന്നതിനുള്ള ആലോചനയാണ് പുരോഗമിക്കുന്നത്. അതേസമയം, ജങ്കാർ മുടങ്ങിയതിനെത്തുടർന്നുള്ള യാത്രാക്ലേശം പരിഹരിക്കാൻ താൽക്കാലിക യാത്രാബോട്ട് സർവിസ് നടത്താനും ധാരണയായി.
ജങ്കാർ പുനരാരംഭിക്കുന്നതുവരെ ബോട്ട് സർവിസ് നടത്താനാണ് ആലോചിക്കുന്നത്. ഇതിനായുള്ള പ്രപ്പോസൽ നഗരസഭക്ക് ലഭിച്ചു. തിങ്കളാഴ്ച ചേരുന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഈ വിഷയങ്ങളും പരിഗണിക്കുമെന്ന് ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. കരാറുകാരും നഗരസഭയും തമ്മിലെ ചർച്ച വഴിമുട്ടിയതോടെ നിലവിലെ ജങ്കാർ സർവിസ് കരാറുകാർ അവസാനിപ്പിച്ചിരുന്നു.
യാത്രക്കാർക്കും വാഹനങ്ങൾക്കുമുൾപ്പെടെ 35 ശതമാനം വർധന വേണമെന്നും വാർഷിക ടെൻഡറിൽ 50 ശതമാനം വർധന അനുവദിക്കണമെന്നുമാണ് കരാറുകാരുടെ ആവശ്യം. എന്നാൽ, 30 ശതമാനം വരെ വർധന അനുവദിക്കാമെന്ന നഗരസഭയുടെ തീരുമാനം കരാറുകാർ അംഗീകരിച്ചില്ല. കൂടാതെ യാത്ര മിനിമം ടിക്കറ്റിൽ മാത്രമേ വർധന അനുവദിക്കാൻ കഴിയൂവെന്നും വാഹനങ്ങൾക്ക് നിരക്ക് കൂട്ടാനാവില്ലെന്നുമുള്ള നഗരസഭയുടെ നിലപാടിനും നിഷേധാത്മക മറുപടിയാണ് കരാറുകാർ നൽകിയത്. പല തവണ ചർച്ചകൾ നടന്നെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചകൾക്ക് തയാറാവാതിരുന്നതോടെയാണ് സർവിസ് അവസാനിപ്പിക്കാൻ കരാറുകാർ തീരുമാനിച്ചത്. കോവിഡിനുശേഷം നഷ്ടത്തിലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറുകാർ കടുത്ത നിബന്ധനയുമായി രംഗത്തെത്തിയത്. നേരത്തേ ടിക്കറ്റ് നിരക്കിൽ 25 ശതമാനം വർധന വരുത്തിയിരുന്നു. ഇതിനാൽ കൂടുതൽ വർധന അനുവദിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
നിവേദനം നൽകി
പൊന്നാനി: ഹൗറ മോഡൽ പാലം വരുന്നതുവരെ ജങ്കാർ സർവിസ് നിലനിർത്താൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് പ്രതിനിധി സംഘം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് നിവേദനം നൽകി.
മാസങ്ങളായി ജങ്കാർ യാത്ര നിലച്ചിട്ടും നഗരസഭ ഗൗരവമായ ഇടപെടലുകളോ പരിഹാരമോ കാണാത്തതിൽ ചെയർമാനെ പ്രതിഷേധം അറിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, മണ്ഡലം പ്രസിഡന്റ് എം. അബ്ദുൽ ലത്തീഫ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. പവിത്രകുമാർ, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി എം. രാമനാഥൻ, വസുന്ധരൻ, ഫജറു പട്ടാണി, കെ. സിദ്ദീഖ്, രാജ്കുമാർ കുറ്റിക്കാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.