പൊന്നാനിയിലെ ‘അമൃതി’ൽ രാഷ്ട്രീയം കേറി
text_fieldsപൊന്നാനി: രാഷ്ട്രീയ പ്രത്യാരോപണങ്ങളിൽ തട്ടിതടഞ്ഞ് പൊന്നാനിയിലെ അമൃത് പദ്ധതി. പദ്ധതി പ്രവർത്തനോദ്ഘാടനം നഗരസഭ ഭരണസമിതി രാഷ്ട്രീയ ലാഭത്തിനുപയോഗിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും സംയോജിത പങ്കാളിത്തത്തോടു കൂടി നടപ്പാക്കുന്ന അമൃത് പദ്ധതിയിലാണ് രാഷ്ട്രീയ ചേരിപ്പോര് ഉടലെടുത്തത്. കേന്ദ്ര സർക്കാരിന്റെ 50 ശതമാനം വിഹിതവും സംസ്ഥാന സർക്കാരിന്റെ 35 ശതമാനവും നഗരസഭയുടെ 15 ശതമാനം വിഹിതവും ഉൾപ്പെടെ 22.15 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
എന്നാൽ സ്ഥലം എം.പിയേയോ ഇറിഗേഷൻ വകുപ്പ് മന്ത്രിയേയോ ഉൾപ്പെടുത്താതെ പദ്ധതി നടപ്പാക്കുന്നുവെന്നാണ് ആരോപണം. തിങ്കളാഴ്ച പി. നന്ദകുമാർ എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവഹിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. എന്നാൽ പകുതി കേന്ദ്രവിഹിതം ഉപയോഗിച്ചുള്ള പദ്ധതിയിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയെ ക്ഷണിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ രംഗത്തെത്തി.
കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള പദ്ധതിയിൽ എം.പിയെ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. കൂടാതെ വകുപ്പ് മന്ത്രി അറിയാതെ വലിയൊരു പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നഗരസഭ നടത്തുന്നതിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസും അതൃപ്തി അറിയിച്ചു.
ഇതോടെ ഉദ്ഘാടന ചടങ്ങിന്റെ ഔദ്യോഗിക പരിപാടികളിൽനിന്ന് വകുപ്പ് ഉദ്യോഗസ്ഥരും പിന്മാറി. ഇതോടെ സാങ്കേതിക പ്രയാസംമൂലം നിർമാണോദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി നഗരസഭ അറിയിച്ചു. എന്നാൽ നിർമാണോദ്ഘാടനത്തിന് എം.പിയെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
മന്ത്രിയുടെ സൗകര്യംകൂടി പരിഗണിച്ചശേഷം ഉദ്ഘാടനം നടത്താനാണ് തീരുമാനം. നഗരസഭയിലെ തീരദേശ മേഖലയിലെ എല്ലാ വീടുകളിലേക്കും സൗജന്യ ഗാർഹിക കണക്ഷൻ നൽകാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. തീരദേശ മേഖലയിലുള്ള 5000 വീടുകൾക്ക് ഗാർഹിക കണക്ഷൻ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.