ഇനി കടലല തഴുകാം, കാറ്റിനെയറിയാം
text_fieldsപൊന്നാനി: അറബിക്കടലിന്റെ സൗന്ദര്യം നുകർന്ന് കാറ്റാടി മരത്തണലിൽ പൊന്നാനിയിൽ ആദ്യമായി കടൽ പാർക്ക് ഒരുങ്ങുന്നു. പൊന്നാനി നഗരസഭയിലെ 42-ാം വാർഡിൽ പുതുപൊന്നാനി മൈലാഞ്ചിക്കാട് ഭാഗത്തെ കടലോരത്താണ് മനോഹരമായ പാർക്ക് ഒരുങ്ങുന്നത്.
ജനകീയാസൂത്രണ പദ്ധതി പ്രകാരം 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. 20 സെൻറ് സ്ഥലത്ത് നിർമിക്കുന്ന പാർക്കിൽ നിലത്ത് കട്ട വിരിച്ച് ബെഞ്ചുകൾ ഉൾപ്പെടെ ക്രമീകരിച്ച് കഴിഞ്ഞു. റോഡിനോട് ചേർന്നുള്ള ഭാഗത്തെ കോൺക്രീറ്റ് പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും. നേരത്തെ ഈ ഭാഗത്ത് കാറ്റാടി മരങ്ങൾ നട്ടുവളർത്തിയിരുന്നു. ഇപ്പോൾ വളർന്ന കാറ്റാടി മരത്തണലിലാണ് പാർക്ക് നിർമിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ കൂടുതൽ സൗന്ദര്യവത്കരണ പദ്ധതികൾ നടപ്പിലാക്കും. നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി അധ്യക്ഷനും വാർഡ് കൗൺസിലറുമായ ഒ.ഒ. ഷംസുവിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് പൊന്നാനിയിലെ കടലോരത്ത് ആദ്യ പാർക്ക് ഒരുങ്ങുന്നത്. കടലാക്രമണ ഭീഷണിയില്ലാത്തതും കടൽത്തീരമുള്ളതുമായ പ്രദേശമായതിനാലാണ് ഇവിടെ പാർക്കിന് അനുമതിയായത്. കുട്ടികൾക്കായുള്ള കളിയുപകരണങ്ങളും സ്ഥാപിക്കാൻ ആലോചനയുണ്ട്. പൊന്നാനി കടൽത്തീരത്ത് പ്രധാന ചുവട് വെപ്പായിരിക്കും പാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.