പൊന്നാനി അങ്ങാടി വികസനം കടലാസിൽ മാത്രം
text_fieldsപൊന്നാനി: ഗതാഗതക്കുരുക്കും, ബലക്ഷയമുള്ള കെട്ടിടങ്ങളും കാരണം ദുരിതത്തിലായ പൊന്നാനി അങ്ങാടി വികസനം യാഥാർഥ്യമായില്ല. ഇതിന്റെ ഭാഗമായി നടന്നത് യോഗങ്ങളും സർവേകളും മാത്രമാണെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ ഭരണസമിതി കാലത്ത് ആരംഭിച്ച യോഗം വർഷങ്ങൾ പലത് കഴിഞ്ഞിട്ടും മുറപോലെ തുടരുന്നത് മാത്രമാണ് നടക്കുന്നതെന്നാണ് പരാതി. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിലും പ്രതിഷേധമുണ്ട്. നിരവധി കെട്ടിടങ്ങളാണ് പൊന്നാനി കോടതിപ്പടി മുതൽ ചാണാ റോഡ് വരെ പാതി തകർന്ന നിലയിലുള്ളത്.
ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നഗരസഭ മുൻകൈ എടുക്കുന്നില്ലെന്നും പരാതിയുണ്ട്. മൂന്നുവർഷം മുമ്പ് സർവേ നടത്തി ബലക്ഷയമുള്ള കെട്ടിടങ്ങൾ കണ്ടെത്തുകയും അവ പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടി എങ്ങുമെത്തിയില്ല. പിന്നീട് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ ഒരു കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ചുനീക്കി സ്ഥലം വിട്ടുനൽകിയെങ്കിലും, മറ്റു കെട്ടിട ഉടമകൾ തയാറാവാതിരുന്നതോടെ ഇതും പാതിവഴിയിൽ നിലച്ചു.
കാലപ്പഴക്കമേറിയ കെട്ടിടങ്ങൾ തകർന്ന് വീണിട്ടും, പഴയ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാനോ, കെട്ടിടം പൊളിച്ചു മാറ്റാനോ വേണ്ടി ഇത്തരം കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകാൻ പോലും നഗരസഭ തയാറായിട്ടില്ല. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി റോഡിന് വീതി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
മിക്ക വ്യാപാരികളും ഇതിന് സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇച്ഛാശക്തിയോടെ മുന്നോട്ട് പോകാൻ നഗരസഭ മടിക്കുകയായിരുന്നു. കെട്ടിട ഉടമകളെയും, വ്യാപാരികളെയും ഒരുമിച്ചിരുത്തി ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പലപ്പോഴും നഗരസഭ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ കെട്ടിട ഉടമകൾ എത്താത്തതിനാൽ നടപടികളും മന്ദഗതിയിലാണ്. അങ്ങാടി വികസനം ഉടൻ നടപ്പാക്കുമെന്ന് ഉറപ്പു നൽകിയ പി. നന്ദകുമാർ എം.എൽ.എയും മൗനത്തിലാണ്. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി റോഡ് വീതി വർധിപ്പിക്കുകയും, അങ്ങാടിപ്പാലം വീതി കൂട്ടി പുനർനിർമിക്കുകയും ചെയ്താൽ അങ്ങാടിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാമെന്നാണ് വ്യാപാരികൾ ഉൾപ്പെടെ പറയുന്നത്. പഴയ മാതൃകയിൽ തന്നെ ഏകീകരണ സ്വഭാവത്തോടെ കെട്ടിടം നിർമിച്ചാൽ പൊന്നാനിയുടെ പ്രൗഡിക്കും മങ്ങലേൽക്കില്ല. ഇക്കാര്യത്തിൽ നഗരസഭയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.