എത്ര മരണം വേണം അധികൃതർക്ക് കണ്ണ് തുറക്കാൻ? പൊന്നാനി തീരത്ത് നിയന്ത്രണമില്ലാതെ സഞ്ചാരികളുടെ ആഘോഷം
text_fieldsപൊന്നാനി: പെരുന്നാൾ ആഘോഷിക്കാൻ പൊന്നാനി കടപ്പുറത്തെത്തിയ പെരിന്തൽമണ്ണ സ്വദേശി കടലിൽ മുങ്ങിമരിച്ചിട്ടും സുരക്ഷയൊരുക്കാൻ തയാറാവാതെ അധികൃതർ. പെരുന്നാളിന്റെ ഭാഗമായി ജില്ലയുടെ വിവിധയിടങ്ങളിൽനിന്നും അയൽജില്ലകളിൽനിന്നും നൂറുകണക്കിന് സഞ്ചാരികൾ എത്തുമ്പോഴും ഇവർ കടലിലിറങ്ങുമ്പോഴും സുരക്ഷമുന്നറിയിപ്പ് നൽകാനോ നിയന്ത്രിക്കാനോ ആവശ്യത്തിന് ജീവനക്കാരില്ല.
ശനിയാഴ്ച ഒരുപൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് കടൽത്തീരത്തുണ്ടായിരുന്നത്. എന്നാൽ, കടലിൽ അപകടത്തിൽപെടുമ്പോൾ രക്ഷപ്പെടുത്താൻ സാധിക്കുന്ന റെസ്ക്യൂ ഗാർഡുമാരുടെ സേവനംപോലും ഇല്ലാത്ത സ്ഥിതിയാണ്. കടലിൽ വലിയ തിരമാലകൾ ഉൾപ്പെടെ ഉള്ള സാഹചര്യത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് കടലിലേക്ക് ഇറങ്ങുന്നത്. തൊട്ടടുത്തുതന്നെ ഉള്ള തീരദേശ പൊലീസ് സ്റ്റേഷനിൽ റെസ്ക്യൂ ഗാർഡുമാരും മറ്റും ഉണ്ടെങ്കിലും ആരും കടപ്പുറത്തേക്ക് എത്തുന്നില്ലെന്നാണ് ആക്ഷേപം. പലപ്പോഴും നാട്ടുകാരാണ് അപകടത്തിൽപെടുന്നവരെ രക്ഷപ്പെടുത്തുന്നത്.
പൊന്നാനി താലൂക്ക് വികസന സമിതി യോഗം ആരംഭിച്ചത് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരില്ലാതെ
പൊന്നാനി: പലതവണ പറഞ്ഞിട്ടും നിർദേശം നൽകിയിട്ടും രക്ഷയില്ലാതെ പൊന്നാനി താലൂക്ക് വികസന സമിതി യോഗം. ഈ മാസത്തെ യോഗം ആരംഭിച്ചത് തദ്ദേശസ്ഥാപന അധ്യക്ഷന്മാരില്ലാതെ. യോഗം ആരംഭിച്ച് ഏറെ നേരത്തിന് ശേഷം എത്തിയത് ഒരു തദ്ദേശ സ്ഥാപന അധ്യക്ഷ മാത്രം. തൽസ്ഥിതി തുടർന്നാൽ അടുത്ത തവണ യോഗസ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികൾ സൂചിപ്പിച്ചു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്താത്തതിനാൽ പ്രഹസനമായി മാറുന്ന യോഗത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. യോഗം ആരംഭിച്ച് ഏറെ കഴിഞ്ഞിട്ടും ജനപ്രതിനിധികൾ എത്താത്തതിൽ മുൻ എം.പി സി. ഹരിദാസ് ക്ഷുഭിതനായി. ഏറെ കഴിഞ്ഞ ശേഷം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എത്തിയതിനാൽ യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനം മാറ്റി.
താലൂക്കിലെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വേദിയായ താലൂക്ക് വികസന സമിതി യോഗമാണ് ജനപ്രാതിനിധ്യമില്ലാതെ വെറും ചടങ്ങ് മാത്രമായി മാറുന്നത്.
പൊന്നാനി നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, താലൂക്കിലെ ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവരാണ് സംബന്ധിക്കേണ്ടത്.
മണ്ഡലത്തിലുണ്ടെങ്കിൽ പോലും എം.എൽ.എ യോഗത്തിൽ പങ്കെടുക്കാറില്ലെന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പ്രതിനിധികൾ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മറുപടി പറയാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ഇല്ലാത്തത് അതൃപ്തിക്കിടയാക്കിയിരുന്നു. തുടർന്ന് വികസനസമിതി യോഗം ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.
മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് യോഗം താലൂക്ക് ഓഫിസിൽ ചേരാറുള്ളത്. പലപ്പോഴും ഉദ്യോഗസ്ഥർക്ക് പുറമെ നഗരസഭ ചെയർമാനും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മാത്രമാണ് സംബന്ധിക്കാറ്.
ഭൂരിഭാഗം പഞ്ചായത്ത് പ്രസിഡന്റുമാരും എത്താറില്ല. ഈ വിഷയം യോഗത്തിൽ ഉന്നയിക്കാറുണ്ടെങ്കിലും ആരും ഗൗരവത്തിൽ എടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കർമറോഡിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കണം
പൊന്നാനി: പൊന്നാനി കർമറോഡിൽ ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. തെരുവുനായ് ശല്യം പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നും ആവശ്യമുയർന്നു.
മഴക്കാല രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങളോടും ആരോഗ്യ വിഭാഗത്തോടും യോഗം നിർദേശിച്ചു. പൊന്നാനി തഹസിൽദാർ കെ. ഷാജിയുടെ ചേംബറിൽ നടന്ന യോഗത്തിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുൻ എം.പി സി. ഹരിദാസ്, റഫീഖ് മാറഞ്ചേരി, വി.പി. അലി, ഒ.കെ. അബ്ദു, പി. രാജൻ, ഷംസു കുമ്മിൽ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.