പൊന്നാനി ബിയ്യം കോൾ മേഖലയെ പച്ചപ്പണിയിക്കാൻ പദ്ധതി ഊർജിതം
text_fieldsപൊന്നാനി: മലബാറിന്റെ നെല്ലറയായ ബിയ്യം കോൾ മേഖലയെ പച്ചപ്പണിയിക്കാൻ ഭാരതപ്പുഴ-ബിയ്യം കായൽ സംയോജന പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായതോടെ ജനുവരിയിൽ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ തീരുമാനം.
പതിറ്റാണ്ടുകളായി തരിശു കിടന്ന മേഖലകളിൽ വീണ്ടും കൃഷിയിറക്കാൻ അടിസ്ഥാന സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൾ മേഖലയിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി ഊർജിതമായത്.
പൊന്നാനി താലൂക്കിലെ കൃഷിക്കും കുടിവെള്ളത്തിനും ടൂറിസത്തിനും വൻ വളർച്ചയുണ്ടാക്കുന്ന ഭാരതപ്പുഴ-ബിയ്യം ലിങ്ക് കനാൽ 36 കോടി രൂപയുടെ പദ്ധതി അംഗീകരിച്ച് ടെൻഡർ നടപടിയിലേക്ക് നീങ്ങുകയാണ്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പൊന്നാനി താലൂക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും തൃശൂർ ജില്ലയിലെ കുന്നംകുളം നഗരസഭക്ക് പുറമെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലും നേട്ടമുണ്ടാകും. നിലവിലുള്ള 3500 ഹെക്ടറിന് പുറമെ 2400 ഹെക്ടർ കൂടി നെൽകൃഷി ഉൽപാദനം വർധിപ്പിക്കാൻ കഴിയും. 500 ഹെക്ടർ തെങ്ങുകൃഷിക്ക് കൂടി ഇവിടെ സാധ്യത സൃഷ്ടിക്കപ്പെടുകയാണ്. 300 ഹെക്ടർ പച്ചക്കറി കൃഷിക്കും തരിശായിക്കിടക്കുന്ന 300 ഹെക്ടറിൽ കൂടി കൃഷി ചെയ്യാനും ഈ പദ്ധതിയിലൂടെ സാധിക്കും.
തെങ്ങ്, നെല്ല്, പച്ചക്കറി വിളകളിലെ വർധനവ് മൂലം 20 കോടി രൂപയുടെ വാർഷിക വർധനവ് ഉണ്ടാകും. മത്സ്യസമ്പത്ത് വർധിക്കും. ഏറ്റവും സാധ്യത കോൾകൃഷി മേഖലയിലാണ്. ഇതിനു പുറമെ മുണ്ടകൻ കൃഷിക്കും പദ്ധതിയിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിയും. പൊന്നാനിയുടെ സമഗ്ര വികസനത്തിന് സഹായകമാവുന്ന തരത്തിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
ചമ്രവട്ടം റഗുലേറ്ററിന് മേൽഭാഗത്തെ ഞാറക്കലിൽനിന്ന് ശുദ്ധജലം ബിയ്യം കായലിൽ എത്തിക്കുന്ന ഭാരതപ്പുഴ-ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി അടിയന്തിരമായി നടപ്പിലാക്കും. അഞ്ച് വി.സി.ബികൾ നിർമിച്ചത് വേനലിലും ജലം സംഭരിക്കും. ഇതിന്റെ മേൽനോട്ടത്തിനായി കൺട്രോൾ റൂമും നിർമിക്കും.
അതോടെ ബിയ്യം ഏത് സമയത്തും ജലസമൃദ്ധമാകുന്നതോടൊപ്പം കോൾനിലങ്ങളിലും വെള്ളം ലഭിക്കും. വെള്ളം ഭാരതപ്പുഴയിൽനിന്ന് അതളൂർ ചെറിയ തോട് വഴി അതളൂർ അങ്ങാടിയിലെത്തിക്കുകയും തുടർന്ന് കാർഷിക മേഖലകളിലേക്ക് എത്തിക്കുകയും ചെയ്യും.
തവനൂർ, കാലടി, പൊന്നാനി നഗരസഭ എന്നീ പരിധികളിലൂടെയാണ് വെള്ളമെത്തിക്കുക. 7.8 കിലോമീറ്റർ ദൂരത്തിലാണ് തോട് തയാറാക്കുന്നത്. ഭാരതപ്പുഴയിൽ നിന്നും അതളൂർ ചെറിയ തോട് വഴി അതളൂർ അങ്ങാടിയിലേക്ക് ആദ്യഘട്ടത്തിൽ 1.3 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിക്കും.
നേരത്തെ സജീവമായി കൃഷി നടന്നിരുന്ന ഹെക്ടർ കണക്കിന് മേഖലയിൽ ഇപ്പോൾ ഏക്കർ കണക്കിന് തരിശിട്ട് കിടക്കുകയാണ്. മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന പ്രയാസം മൂലമാണ് കൃഷിഭൂമി പതിറ്റാണ്ടുകളായി തരിശിടേണ്ടി വന്നത്.
പൊന്നാനി കോളിലെ വിവിധ പ്രദേശങ്ങളിലെ കോൾ കർഷകർക്ക് ജല ലഭ്യത ഉറപ്പു വരുത്തുന്ന രീതിയിലാണ് ജലസേചന വകുപ്പും കൃഷിവകുപ്പും സംയുക്തമായി പദ്ധതി നടപ്പാക്കുന്നത്. ടൂറിസം മേഖലയുടെ മുന്നേറ്റത്തിനും ഈ പദ്ധതി പ്രയോജനകരമായിത്തീരുമെന്ന് പി. നന്ദകുമാർ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊന്നാനി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, പി. ജ്യോതി ഭാസ്, സി.പി. മുഹമ്മദ് കുഞ്ഞി അബ്ദു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.