പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; ഭവന-ആരോഗ്യ മേഖലക്ക് മുൻഗണന
text_fieldsഎടപ്പാൾ: ഭവന-ആരോഗ്യ മേഖലക്ക് മുൻഗണന നൽകി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. പ്രസിഡന്റ് സി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി ബജറ്റ് അവതരിപ്പിച്ചു. 9,80,94,840 രൂപ ചെലവും 5,89,126 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.
കാർഷിക മേഖലക്ക് 48.96 ലക്ഷം, ആരോഗ്യ മേഖലക്ക് 1.41 കോടി, ഭവന പദ്ധതിക്ക് 3.03 കോടി, പട്ടികജാതി ക്ഷേമത്തിന് 1.53 കോടി, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 38.5 ലക്ഷം, കല-കായികം-സാംസ്കാരികത്തിനായി 16 ലക്ഷം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ ക്ഷേമത്തിനായി 83.9 ലക്ഷം, വനിത വികസനത്തിനായി 89.7 ലക്ഷം, ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി 27.62 ലക്ഷം, സ്കൂളുകളിൽ ഗേൾസ് ഫ്രൻഡ്ലി ടോയ്ലറ്റ് നിർമാണത്തിന് 18.41 ലക്ഷം, ഘടക സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണിക്കായി 98.4 ലക്ഷം, പെയിൻ പാലിയേറ്റിവ് കെട്ടിട പുനരുദ്ധാരണത്തിന് 23 ലക്ഷം എന്നിങ്ങനെയാണ് പ്രധാന വകയിരുത്തലുകൾ.
വിവിധ വൈകല്യങ്ങളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യൽ എന്നിവക്കായി എടപ്പാൾ സി.എച്ച്.സിയിൽ കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (ഡി.എം.സി.സി) 2023-24 പദ്ധതി വർഷം തുടക്കം കുറിക്കും.
ബ്ലോക്ക് പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും ലഭ്യമാകുന്ന തരത്തിൽ റഫറൻസ് സെന്ററായി ഡി.എം.സി.സിയെ ഉയർത്താനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കായികപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ലിറ്റിൽ കിക്കേഴ്സ്-ഫുട്ബാൾ പരിശീലന പരിപാടി, കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കാൻ കളിയരങ്ങ്-കുട്ടികളുടെ നാടക കളരി, രചനയുടെ രസതന്ത്രം-കുട്ടികളുടെ രചനകളുടെ പ്രസിദ്ധീകരണം, ആത്മഹത്യ പ്രതിരോധ പരിശീലന പരിപാടിയായ ഭേരി-സമഗ്ര മാനസികാരോഗ്യ പദ്ധതി എന്നിവ നൂതന ആശയങ്ങളാണ്. ബജറ്റ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൽ മജീദ് കഴുങ്ങിൽ, സി.പി. നസീറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ആർ. രാജീവ്, ഘടകസ്ഥാപനങ്ങളിലെ മേധാവികൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.