പൊന്നാനി വാണിജ്യ തുറമുഖം: നിർമാണ കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ സർക്കാർ
text_fieldsപൊന്നാനി: പൊന്നാനിയുടെ സ്വപ്ന പദ്ധതികളിലൊന്നായ വാണിജ്യ തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ സർക്കാർ തീരുമാനമായി. നിലവിൽ വാണിജ്യ തുറമുഖ നിർമാണത്തിന് വീണ്ടും അനുമതി തേടിയ മലബാർ പോർട്ടിനോട് സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യു.കെ ആസ്ഥാനമായുള്ള കമ്പനി തങ്ങൾക്ക് സാമ്പത്തിക സഹായം നൽകാമെന്നാണ് മലബാർ പോർട്ട് മറുപടി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ സർക്കാർ തന്നെ തീരുമാനിച്ചത്. ഇത് ബോധ്യപ്പെടുന്ന മുറക്ക് നിലവിലെ കമ്പനിക്കുതന്നെ നിർമാണ ചുമതല നൽകാനും അല്ലാത്തപക്ഷം പുതിയ ടെൻഡർ ക്ഷണിച്ച് മറ്റൊരു കമ്പനിയെ നിർമാണ ചുമതല ഏൽപിക്കാനുമാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
സാമ്പത്തിക സ്രോതസ്സ് ബോധ്യപ്പെട്ടാൽ കമ്പനിക്ക് നൽകാനുള്ള ഒമ്പത് ഏക്കർ സ്ഥലം കൂടി വിട്ടുനൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന തുറമുഖ മന്ത്രി, സ്ഥലം എം.എൽ.എ, മുൻ സ്പീക്കർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗത്തിലാകും അന്തിമ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2015ൽ നിർമാണം ഏറ്റെടുത്ത കമ്പനി കാലാവധിക്കകം നിർമാണം പൂർത്തിയാക്കാത്തത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. പദ്ധതിക്കായി 29 ഏക്കർ ഭൂമി വേണമെന്ന് അക്കാലത്ത് ആവശ്യപ്പെട്ട കമ്പനിക്ക് 20 ഏക്കർ ഭൂമിയും സർക്കാർ കണ്ടെത്തി നൽകിയിരുന്നു. എന്നാൽ, ഒമ്പത് ഏക്കർ കൂടി വിട്ടുനൽകണമെന്നാണ് മലബാർ പോർട്സിെൻറ ആവശ്യം. നിർമാണ കമ്പനി രേഖകൾ ഹാജരാക്കുന്ന മുറക്ക് ബാക്കി ഒമ്പത് ഏക്കർ നൽകാമെന്ന നിലപാടിലാണ് സർക്കാർ. ഈ സ്ഥലം വിട്ടുനൽകാതെ മറ്റു നടപടികളിലേക്ക് സർക്കാർ നീങ്ങിയാൽ നിലവിലെ കമ്പനി കേസുമായി പോകുമോ എന്ന ആശങ്കയും സർക്കാറിനുണ്ട്. ഇങ്ങനെ വന്നാൽ നിർമാണം അനന്തമായി നീളും. പൊന്നാനിയുടെ വാണിജ്യ തുറമുഖ വികസന ചർച്ചയിലും കാർഗോ പോർട്ട് സന്ദർശനത്തിലും പി. നന്ദകുമാർ എം.എൽ.എ, പൊന്നാനി നഗരസഭ ചെയർമാർ ശിവദാസ് ആറ്റുപുറം, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പൊന്നാനി തുറമുഖത്തിനായി 40 കോടി ചെലവഴിച്ചെന്ന് കരാർ കമ്പനി
പൊന്നാനി: മലബാറിെൻറ വികസനത്തിന് നാഴികക്കല്ലാവുന്ന പൊന്നാനി വാണിജ്യ തുറമുഖ നിർമാണത്തിന് അലംഭാവം കാട്ടിയ നിലവിലെ നിർമാണ കരാർ കമ്പനി ഇതിനകം 40 കോടി രൂപ ചെലവഴിച്ചതായി അവകാശവാദം ഉന്നയിച്ചത് സർക്കാറിനെ കുഴക്കുന്നു. നേരത്തേ നിർമാണമേറ്റെടുത്ത മലബാർ പോർട്സിനെ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നതിനുള്ള നിയമപരമായ കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കമ്പനിയുടെ പുതിയ അവകാശ വാദം. തുറമുഖ നിർമാണത്തിനായി അനുവദിക്കാമെന്നേറ്റ 29 ഏക്കർ ഭൂമിയിൽ 20 ഏക്കർ മാത്രം അനുവദിച്ചതാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ തടസ്സമായതെന്നാണ് മറ്റൊരു വാദം. കമ്പനിയുടെ അവകാശവാദങ്ങൾ സർക്കാർ ഗൗരവത്തോടെ പരിശോധിക്കുകയാണെന്ന് പൊന്നാനിയിലെത്തിയ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. നാട്ടുകാരും അധികൃതരും ഒരു പോലെ മൂക്കത്ത് വിരൽ വെക്കുന്ന അവകാശവാദമാണ് കരാർ കമ്പനി ഇപ്പോൾ ഉന്നയിക്കുന്നത്.
സ്വിസ് ചാലഞ്ച് മാതൃകയിൽ തുറമുഖം നിർമിച്ച് 35 വർഷം നടത്തിപ്പ് ചുമതല വഹിച്ച് സർക്കാറിലേക്ക് തിരികെ നൽകുന്ന കരാറിൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത്, മലബാർ പോർട്ട് ചെന്നൈ പ്രൈവറ്റ് ലിമിറ്റഡുമായി സർക്കാർ കരാർ വെച്ചിരുന്നു. 2014ൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തെങ്കിലും നാമമാത്രമായ പ്രവൃത്തികൾ മാത്രമാണ് കമ്പനി നടത്തിയത്. തുടർന്ന് വർഷങ്ങളായി പല തട്ടിൽ നടന്ന ഉന്നതതല മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കാൻ സർക്കാർ ധാരണയിലെത്തിയത്. ആവശ്യമായ ക്രമീകരണങ്ങൾ നടത്തി പുതിയ കരാർ കമ്പനിയെ കണ്ടെത്താൻ നീക്കം ശക്തിപ്പെട്ടതോടെയാണ് അവിശ്വസീനയ അവകാശവാദം ഉന്നയിച്ച് നിലവിലെ കരാർ കമ്പനി തടസ്സവാദം ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.