മഴയിൽ ചോർന്നൊലിച്ച് പൊന്നാനി കോടതി കെട്ടിടം
text_fieldsപൊന്നാനി: ശക്തമായൊന്ന് മഴ പെയ്താൽ കാറ്റൊന്ന് ആഞ്ഞു വീശിയാൽ പൊന്നാനി കോടതിയിലുള്ളവരുടെ ചങ്കിടിപ്പ് കൂടും. കാറ്റിൽ അടർന്ന് വീഴുന്ന കോൺക്രീറ്റുകൾ. മഴയിൽ ചോർന്നൊലിക്കുന്ന മേൽക്കൂര.
നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊന്നാനി മുൻസിഫ്-മജിസ്ട്രേറ്റ് കോടതി കെട്ടിടം അപകട സ്ഥിതിയാണിത്. ജീർണിച്ച് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ സാഹസപ്പെട്ടാണ് മൺസൂൺ കാലത്ത് കോടതി ജീവനക്കാർ സേവനം ചെയ്യുന്നത്. ഫലപ്രദമായ അറ്റകുറ്റപ്പണികൾ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതിനാൽ അഭിഭാഷകരും കേസിന് വരുന്ന കക്ഷികളുമെല്ലാം അതീവ ദുരിതത്തിലാണ്. ഈ കെട്ടിടത്തിലുണ്ടായിരുന്ന ട്രഷറി, രജിസ്ട്രാർ ഓഫിസ്, ഫിഷറീസ് തുടങ്ങിയ എല്ലാ ഓഫിസുകൾ മറ്റ് സുരക്ഷിത കെട്ടിടങ്ങളിലേക്ക് വർഷങ്ങൾക്കു മുമ്പ് മാറ്റി. കോടതി പ്രവർത്തനം പൊന്നാനി സിവിൽ സ്റ്റേഷനിലേക്ക് മാറാൻ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ പാതിവഴിയിൽ നിലച്ച മട്ടാണ്.
പകർച്ചവ്യാധികളുടെ കാലത്ത് കെട്ടിടത്തിന്റെ തറയിലും തൂണുകളിലും ചെളിവെള്ളം കെട്ടി നിൽക്കുന്നത് ഗുരുതരമായ ഭീഷണിയാണ്. നിലംപൊത്താറായ കെട്ടിട ഭിത്തികളും തൂണുകളും കോടതി രേഖകൾ സൂക്ഷിക്കുന്ന വിഭാഗത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിരന്തരം ചോർന്നൊലിക്കുന്നതിനാൽ കുട ആശ്രയിച്ചാണ് നനഞ്ഞ് ഒട്ടി വിറച്ചും ജീവനക്കാർ ദിവസം തള്ളി നിക്കുന്നത്. റെക്കാർഡുകൾ പലതും വെള്ളത്തിനടിയിലും നനഞ്ഞ ചാക്കുകൾക്കിടയിലും ആണ്.
മഴയും വെയിലും ഏൽക്കാതിരിക്കാൻ പഴയ ചാക്കും കീറത്തുണികളും തറയിൽ വിരിച്ച് രൂക്ഷത കുറയ്ക്കാൻ പാഴ്ശ്രമങ്ങൾ ജീവനക്കാർ നടത്തുന്നു. വേണ്ടിടത്തെല്ലാം പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറനയം അക്ഷരംപ്രതി തുടരുന്നതിൽ നാട്ടുകാർക്കിടയിൽ കടുത്ത അമർഷമുണ്ട്. അപകടങ്ങൾ ഉണ്ടാവുന്നത് വരെ അവഗണന തുടരുന്ന പതിവ് രീതി മാറ്റിയില്ലെങ്കിൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ വർണനാതീതമാണ്. മഴക്കാലത്ത് പല മുതിർന്ന അഭിഭാഷകരും ആരോഗ്യകാരണങ്ങളാൽ കോടതി ബഹിഷ്കരിക്കുന്ന ദയനീയ അവസ്ഥയും ഉണ്ട്. എലിയും പെരുച്ചാഴിയും പാമ്പും വെരുകും മറ്റ് ക്ഷുദ്രജീവികളും ഇവിടങ്ങളിൽ സുഖവാസത്തിലാണ്. ആടിയുലയുന്ന മരക്കോണി മഴ പെയ്താൽ കൂടുതൽ അപകട ഭീഷണിയിലാണ്. കെട്ടിടം പുനർനിർമിക്കുന്നതിനുള്ള ചർച്ചകൾ ഏറെ നടന്നെങ്കിലും പദ്ധതി ഒന്നുമായിട്ടില്ല. നിരവധി നിവേദനങ്ങളും പരാതികളും അധികൃതർക്ക് നൽകിവരുന്നുണ്ടെങ്കിലും ഈ ഗുരുതര ഗൗരവവിഷയം പരിഹരിക്കപ്പെട്ടിട്ടില്ല. കെട്ടിടത്തെ ആശ്രയിക്കുന്ന മറ്റുള്ളവർ മഴക്കാലത്ത് ഇവിടേക്ക് അടുക്കാറില്ലെങ്കിലും ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാർ ജീവൻ പണയംവച്ചാണ് മുന്നോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.