പൊന്നാനി കോടതി; പുതിയ കെട്ടിടത്തിനുള്ള നീക്കം വേഗത്തിലാക്കും
text_fieldsപൊന്നാനി: നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിന്റെ അപകടാവസ്ഥ നേരിട്ടറിയാൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പൊന്നാനിയിലെത്തി. സ്ഥലം സന്ദർശിച്ച ഹൈകോടതി ജഡ്ജിക്ക് മുന്നിൽ കെട്ടിടത്തിന്റെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തി അഭിഭാഷകർ. അപകടാവസ്ഥ ബോധ്യമായതിനെത്തുടർന്ന് കോടതി താൽകാലിക കെട്ടിടത്തിലേക്ക് മാറാനും നിലവിലെ കെട്ടിടത്തോട് ചേർന്ന സ്ഥലത്ത് കോടതി കോംപ്ലക്സ് നിർമിക്കാനുള്ള തീരുമാനമായി മുന്നോട്ടുപോകുമെന്ന് ഹൈകോടതി ജഡ്ജി പറഞ്ഞു. പ്രതി ദിനം 100 കണക്കിനുപേർ വരുന്ന കോടതി കോംപ്ലക്സിൽ സുരക്ഷയില്ലെന്നും ജീവനക്കാർക്ക് ഷോക്ക് അടിക്കുകയാണെന്നും കോടതി ഫയലുകൾ മഴ നനഞ്ഞ് നശിക്കുകയാണെന്നും ജഡ്ജിയോട് അഭിഭാഷകർ പറഞ്ഞു. പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം നിസ്സഹകരണമാണ് തുടരുന്നതെന്നും കോടതിയാണെന്ന് പോലും പരിഗണിക്കാതെയാണ് പി.ഡബ്ല്യൂ.ഡിയുടെ നിസ്സഹകരണമെന്നും പരാതി ഉയർന്നു.
കോടതിയുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ട ഹൈകോടതി ജഡ്ജി കോടതി കെട്ടിടം അടിയന്തരമായി താൽകാലിക കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി.
പൊന്നാനി മിനി സിവിൽ സ്റ്റേഷനിൽ അറ്റകുറ്റപണികൾ പൂർത്തീകരിച്ച കെട്ടിടത്തിൽ കോടതി പ്രവർത്തിക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും നിലവിലെ കോടതിക്ക് പിൻഭാഗത്തെ റവന്യൂ ഉടമസ്ഥതയിലുള്ള 39 സെൻറ് സ്ഥലത്തിന് അനുവദനീയ അനുമതി നൽകി പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നതിനുള്ള കാര്യം പരിഗണിക്കുമെന്നും ഉറപ്പ് നൽകി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനോടൊപ്പം പി. നന്ദകുമാർ എം.എൽ.എ, ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സനൽകുമാർ, ഫാസ്റ്റ് ട്രാക്ക് ജില്ല ജഡ്ജി സുബിത ചിറക്കൽ, മുൻസിഫ് മജിസ്ട്രേറ്റ് സൗമ്യ, ബാർ അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.