പൊന്നാനിയിൽ ആധുനിക മത്സ്യമാർക്കറ്റ് യാഥാർഥ്യമാവുന്നു
text_fieldsപൊന്നാനി: ശുദ്ധമായ മത്സ്യം ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാൻ ശീതീകൃത സംവിധാനത്തോടെയും ആധുനിക സംവിധാനങ്ങളോടെയുമുള്ള ഹൈടെക് മത്സ്യമാർക്കറ്റിന് പൊന്നാനിയിൽ തുടക്കം കുറിക്കുന്നു. കിഫ്ബി സഹായത്തോടെയാണ് ആധുനിക മത്സ്യ മാർക്കറ്റ് നിർമിക്കുന്നത്. മാർക്കറ്റ് നിർമിക്കുന്നതിന് സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് കേരള തീരദേശ വികസന കോർപറേഷൻ പൊന്നാനി നഗരസഭക്ക് കത്തയച്ചു. ഹാർബർ വിഭാഗം മാർക്കറ്റ് നിർമിക്കാനുള്ള സ്ഥലം വിട്ടുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശീയ മത്സ്യ ഇനങ്ങൾ ചില്ലറയായി വിപണനം നടത്താനാണ് ഹൈടെക് മത്സ്യമാർക്കറ്റ് നിർമിക്കുന്നത്.
1.41 കോടി രൂപയാണ് പുതിയ മത്സ്യമാർക്കറ്റിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടതിനെ തുടർന്ന് കിഫ്ബി പദ്ധതി പ്രകാരമാണ് പൊന്നാനിക്ക് മത്സ്യമാർക്കറ്റ് അനുവദിച്ചത്. 364 സ്ക്വയർ മീറ്റർ ഏരിയയുള്ള ഹൈടെക് മത്സ്യമാർക്കറ്റിൽ 26 മത്സ്യ സ്റ്റാളുകൾ ഉണ്ടാകും.
ശീതീകൃത സംവിധാനത്തോടെയും ആധുനിക സംവിധാനങ്ങളോടെയുമുള്ള ഹൈടെക് മത്സ്യമാർക്കറ്റിന്റെ പ്ലാനും രൂപരേഖയും സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷനാണ് തയാറാക്കുന്നത്. നിർമാണം പൂർത്തിയാകുന്ന മുറക്ക് തുടർ നടത്തിപ്പും പരിപാലനവും പൊന്നാനി നഗരസഭയുടെ നേതൃത്വത്തിലായിരിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പും നഗരസഭയും കിഫ്ബിയുമായി റവന്യൂ കെയറിങ് കരാറും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.