പൊന്നാനി ഫിഷിങ് ഹാർബർ;ആഴംകൂട്ടൽ വെള്ളിയാഴ്ച തുടങ്ങും
text_fieldsപൊന്നാനി: കാലങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ മുറവിളികൾക്കൊടുവിൽ പൊന്നാനി ഫിഷിങ് ഹാർബറിൽ ആഴം കൂട്ടൽ പ്രവൃത്തികൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ഇതിനുള്ള യന്ത്രസാമഗ്രികൾ ചൊവ്വാഴ്ച ഹാർബറിലെത്തും. അഴിമുഖത്തോട് ചേർന്ന് നാല് മേഖലകളായി തിരിച്ചാണ് പ്രവൃത്തി നടത്തുക. ആദ്യ ഘട്ടത്തിൽ പുതിയ വാർഫിന് സമീപം ആഴം വർധിപ്പിക്കും.
പുതിയ വാർഫിന് സമീപം നങ്കൂരമിടുന്ന ബോട്ടുകൾ കെട്ടിയിടാൻ പടിഞ്ഞാറ് ഭാഗത്ത് താൽക്കാലിക സംവിധാനമൊരുക്കും.
തുടർന്ന് ലേല ഹാളിന് സമീപം പ്രവൃത്തി നടത്തും. വേലിയിറക്ക സമയത്ത് ജലനിരപ്പിൽനിന്ന് മൂന്നര മീറ്റർ താഴ്ചയും വേലിയേറ്റ സമയത്ത് നാലര മീറ്റർ താഴ്ചയും ആഴം കണക്കാക്കിയാണ് ഡ്രഡ്ജിങ് നടക്കുക. ഇതോടൊപ്പം അഴിമുഖത്ത് സൗണ്ടിങ് സർവേയും നടക്കും. സർവേ റിപ്പോർട്ട് ഹാർബർ സൂപ്രണ്ടിങ് എൻജിനീയർക്ക് കൈമാറും. 6.37 കോടി രൂപ ചെലവിലാണ് ഡ്രഡ്ജിങ് പ്രവൃത്തികൾ നടക്കുന്നത്. ഫെബ്രുവരി മുതൽ മേയ് വരെ ആദ്യഘട്ട ഡ്രഡ്ജിങ് നടക്കും. തുടർന്ന് മഴ കഴിഞ്ഞാൽ പ്രവൃത്തി പുനരാരംഭിക്കും.
പൊന്നാനി അഴിമുഖത്ത് മണൽ അടിഞ്ഞത് മത്സ്യബന്ധന യാനങ്ങൾക്ക് ഭീഷണിയാണ്.
നേരത്തെ തകർന്ന വള്ളങ്ങളുടെ അവശിഷ്ടങ്ങളും അഴിമുഖത്ത് കിടക്കുന്നുണ്ട്. ഇത് യാനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാണ്. കൂടാതെ വേലിയിറക്ക സമയത്ത് ബോട്ടുകൾ മണ്ണിൽ തട്ടുന്നതായും ആക്ഷേപമുണ്ട്. നാലുവര്‍ഷം മുമ്പ് ഹാര്‍ബര്‍ പ്രദേശത്ത് ഹൈഡ്രോ ഗ്രാഫിക് സര്‍വേ നടത്തിയിരുന്നു.
അന്നത്തെ അതേ തോതില്‍ തന്നെയാണ് ഇപ്പോഴും പുഴയുടെ ആഴമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.