പൊന്നാനി ഹാർബർ; പുലിമുട്ടിൽ അറ്റകുറ്റപ്പണിക്ക് തുടക്കമാകുന്നു
text_fieldsപൊന്നാനി: 13 വർഷം മുമ്പ് നിർമാണം പൂർത്തീകരിച്ച പൊന്നാനി ഫിഷിങ് ഹാർബറിലെ പുലിമുട്ടിന്റെ അറ്റകുറ്റപ്പണികൾക്ക് തുടക്കമാവുന്നു. നബാർഡിൽനിന്നും അനുവദിച്ച 17 കോടി രൂപ ചെലവിൽ നിലവിലെ പുലിമുട്ടിന്റെ കേടുപാടുകളാണ് തീർക്കുക. പദ്ധതി ടെൻഡർ നടപടികളിലേക്ക് നീങ്ങി. രണ്ട് മാസങ്ങൾക്കകം ടെൻഡർ പൂർത്തീകരിക്കാനാണ് തീരുമാനം. കൂടാതെ പുലിമുട്ടിന്റെ നീളം വർധിപ്പിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ തുടർന്ന് മോഡൽ സ്റ്റഡി നടത്താനും ധാരണയായിട്ടുണ്ട്. 2011ലാണ് പൊന്നാനി ഹാർബറിലെ പുലിമുട്ടുകളുടെ നിർമാണം പൂർത്തിയായത്.
ഇതിനുശേഷം യാതൊരുവിധ അറ്റകുറ്റപണികളും പുലിമുട്ടിൽ നടന്നിട്ടില്ല. പൊന്നാനിയിൽ നിലവിൽ 200ഓളം ബോട്ടുകളും 500 ഓളം ചെറുവള്ളങ്ങളുമാണുള്ളത്. ഇവയെല്ലാം നങ്കൂരമിടുന്നതിന് പൊന്നാനിയിൽ നിലവിൽ സ്ഥലസൗകര്യങ്ങൾ കുറവായത് കാരണം മത്സ്യം ഇറക്കിയശേഷം ബോട്ടുകൾ ഹാർബറിൽ നിന്നും മാറ്റുന്നില്ല. കൂടാതെ മൺസൂൺ സമയത്ത് വലിയ തിരമാലകൾ അടിക്കുന്നത് കാരണം ഹാർബറിൽ ബോട്ട് നിർത്തുന്നതിന് സാധിക്കുന്നില്ല. പുലിമുട്ടുകളുടെ നീളം വർധിപ്പിച്ചാലേ ഇതിന് പരിഹാരം ആവുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കൂടാതെ പോർട്ടിന്റെ കീഴിലുള്ള പഴയ പാതാറിൽ ട്രഡ്ജിങ് നടത്തി ആഴം കൂട്ടുകയും കല്ലും കോൺക്രീറ്റ് ബ്ലോക്കും ഉപയോഗിച്ച് ഇരുഭാഗവും സംരക്ഷിച്ച് ബോട്ടുകൾ കെട്ടുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ മാത്രമേ പൊന്നാനിയിൽ മുഴുവൻ ബോട്ടുകളും വർഷക്കാലത്ത് കടലിൽനിന്നും തിരയടിക്കാതെ സംരക്ഷിച്ച് സൗകര്യപ്രദമായി നിർത്താൻ സാധിക്കൂ.
എന്നാൽ ഈ സ്ഥലം പോർട്ട് വകുപ്പിന് കീഴിലായതിനാൽ പോർട്ടിന്റെ അനുമതി ലഭ്യമായാൽ മാത്രമേ ഡ്രഡ്ജിങ് നടത്താനാവൂ. പൊന്നാനി പുലിമുട്ട് നീളം വർധിപ്പിക്കണമെന്നും പഴയപാതാർ പരിസരം ആഴം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബോട്ടുടമകൾ ജില്ല കലക്ടർക്ക് നിവേദനം നൽകി. പി. നന്ദകുമാർ എം.എൽ.എ, എ.കെ. ജബ്ബാർ, സക്കീർ എന്നിവരുടെ സാന്നിധ്യത്തിൽ ബോട്ട് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സജാദ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.