പൊന്നാനിയിലെ ഇൻറർസെപ്റ്റർ ബോട്ട് ഉടൻ നീറ്റിലിറങ്ങും
text_fieldsപൊന്നാനി: ഒരുവർഷത്തിലേറെയായുള്ള കാത്തിരിപ്പിനൊടുവിൽ പൊന്നാനി തീരദേശ പൊലീസിെൻറ ഇൻറർസെപ്റ്റർ ബോട്ടിെൻറ എൻജിൻ അറ്റകുറ്റപ്പണിക്ക് തുടക്കമായി. മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി ദിവസം മൂന്ന് പിന്നിട്ടിട്ടും തിരച്ചിലിനായി കരയിൽ കിടക്കുന്ന ബോട്ട് ലഭ്യമാവാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേ തുടർന്നാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്. കൂടാതെ ഇൻറർസെപ്റ്റർ ബോട്ട് കരക്കടുപ്പിക്കാനായി ഹാർബർ പ്രദേശത്ത് ജെട്ടി നിർമിക്കാനും തീരുമാനിച്ചു. ഇതിെൻറ ഭാഗമായി തീരദേശ പൊലീസ് തുറമുഖ വകുപ്പിന് കത്ത് നൽകി.
ഒരുവർഷം മുമ്പാണ് ബോട്ട് കരയിലേക്ക് കയറ്റിയത്. എൻജിെൻറ ഷാഫ്റ്റ് കിട്ടാനില്ലെന്ന കാരണം പറഞ്ഞാണ് അറ്റകുറ്റപ്പണി നീണ്ടുപോയത്. പൊന്നാനിയിലുള്ള പൊലീസ് ബോട്ട് നീറ്റിലിറക്കി മാസങ്ങൾക്കകം തന്നെ ഇൻഷുറൻസ് അടക്കാത്തതിനാൽ കട്ടപ്പുറത്തായിരുന്നു. പിന്നീട് ഒരുവർഷത്തിനു ശേഷം സർക്കാർ ഇൻഷുറൻസ് പുതുക്കിയശേഷമാണ് പട്രോളിങ്ങിനായി കടലിൽ ഇറക്കിയത്. മൂന്നുമാസത്തിന് ശേഷം എൻജിന് കേടുപാട് സംഭവിച്ചതോടെ വീണ്ടും കരക്കണഞ്ഞു. വാർഷിക അറ്റകുറ്റപ്പണി കരാർ നൽകാത്തതിനാൽ ഒരുവർഷത്തിലേറെയായി യഥാസമയം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഇതിനിടെയാണ് ബോട്ടിന് യന്ത്രത്തകരാറുണ്ടായത്.
ഗിയർ ബോക്സ് കേടായ ബോട്ട് പൊന്നാനി ഹാർബറിന് സമീപം കയറ്റിയിട്ടിരിക്കുകയായിരുന്നു. മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപെടുമ്പോൾ വേഗത്തിൽ ഓടിയെത്താവുന്ന സ്പീഡ് ബോട്ടാണിത്. ബോട്ട് കട്ടപ്പുറത്തായതിനെക്കുറിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായിട്ടും വാടകക്കെടുത്ത പഴയ മത്സ്യബന്ധന ബോട്ടിലാണ് ഫിഷറീസ് വകുപ്പ് തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ദിവസം ഫിഷറീസ് ബോട്ടിന് കടലിൽവെച്ച് യന്ത്രത്തകരാർ സംഭവിച്ചതിനെത്തുടർന്ന് മറ്റൊരു ബോട്ടിൽ കെട്ടിവലിച്ചാണ് കരക്കെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.