റമദാന്‍റെ സജീവത തിരിച്ചുപിടിക്കാൻ പൊന്നാനിയൊരുങ്ങുന്നു
text_fieldsപൊന്നാനി: റമദാനിൽ രാവിലെ പൊന്നാനി അങ്ങാടിയിലെ സജീവത തിരികെ കൊണ്ടുവരാനൊരുങ്ങി പൊന്നാനി നഗരസഭ. പൊന്നാനി ജുമുഅത്ത് പള്ളി റോഡിൽ ഒരാഴ്ച നീളുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. റമദാനിലും പെരുന്നാളിലും ഉണ്ടായിരുന്ന പൊന്നാനിയുടെ ഗതകാല പ്രൗഢിയും പഴമയും നിലനിർത്തുകയും പുതുതലമുറക്ക് പകർന്ന് നൽകുകയുമെന്ന ലക്ഷ്യത്തിലാണ് 'റമദാൻ നിലാവ്' എന്ന പേരിൽ വിവിധ പരിപാടികൾ നടത്തുന്നത്.
റമദാൻ 25 മുതൽ രണ്ടാം പെരുന്നാൾ വരെയുള്ള ദിവസങ്ങളിൽ പൊന്നാനി അങ്ങാടി മുതൽ ജെ.എം റോഡ്, ജുമുഅത്ത് പള്ളിക്കുള പരിസരം എന്നിവിടങ്ങൾ ദീപാലങ്കൃതമാക്കുകയും തനത് മാപ്പിള കലാ സാംസ്കാരിക പരിപാടികൾ, പ്രാദേശിക ഉൽപന്ന പ്രദർശനം, നാടൻ കളികളുടെ അവതരണം തുടങ്ങിയവ ഒരുക്കുകയും ചെയ്യും.
പഴയ കാലങ്ങളിൽ റമദാനിലെ അവസാന ആഴ്ചകളിലെ രാത്രികളിൽ ആയിരങ്ങളാണ് ജെ.എം റോഡിൽ എത്തിയിരുന്നത്. റോഡിലെ ഇരുവശങ്ങളിലെയും കടകളിൽ കച്ചവടത്തിന് പുറമെ തട്ടിൻപുറ മെഹ്ഫിലുകളും അരങ്ങേറിയിരുന്നു. എന്നാൽ അങ്ങാടിയുടെ പ്രൗഢി നശിച്ചതോടെ ആൾതിരക്ക് കുറഞ്ഞു.
ഇത് തിരികെ കൊണ്ടുവരാനാണ് അധികൃതരുടെ നീക്കം. ഇതോടൊപ്പം പൊന്നാനി വലിയ ജുമുഅത്ത് പള്ളി റോഡ് പരിസരം പൈതൃക തെരുവാക്കി മാറ്റാനുള്ള ആലോചനയും പുരോഗമിക്കുകയാണ്. റമദാൻ നിലാവ് പരിപാടിക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. ചെയർമാൻ ശിവദാസ് ആറ്റുപുറം, വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ, ഇമ്പിച്ചിക്കോയ തങ്ങൾ, വി.പി. ഹുസൈൻകോയ തങ്ങൾ, പി.കെ. ഖലീമുദ്ദീൻ, വി. സൈദ് മുഹമ്മദ് തങ്ങൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.