പുതുവർഷത്തിൽ വികസന കുതിപ്പിനൊരുങ്ങി പൊന്നാനി
text_fieldsപൊന്നാനി: പൂർത്തീകരിച്ച പദ്ധതികൾ നാടിന് സമർപ്പിച്ചും പുതിയവക്ക് തുടക്കം കുറിച്ചും പുതുവർഷത്തിൽ വികസന കുതിപ്പിനൊരുങ്ങി പൊന്നാനി മണ്ഡലം. നിർമാണം അന്തിമഘട്ടത്തിലെത്തിയ കർമ പാലവും ആളം പാലവും ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും. ഏറെക്കാലത്തെ ആവശ്യമായ കുണ്ടുകടവ് പാലത്തിന്റെ നിർമാണോദ്ഘാടനവും ജലജീവൻ പദ്ധതി പ്രവർത്തനങ്ങളും ഫെബ്രുവരിയിൽ നടക്കും. മാറഞ്ചേരി പഞ്ചായത്തിലെ ആളം ദ്വീപ് പാലത്തിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായി. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ആളം ദ്വീപില്‍ താമസിക്കുന്ന 120ഓളം കുടുംബങ്ങള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കാനായാണ് പാലം നിർമിക്കുന്നത്. അഞ്ചരക്കോടി ചെലവിലാണ് പുതിയ പാലം നിര്‍മിച്ചത്. നടപ്പാതയടക്കം ഏഴര മീറ്റര്‍ വീതിയിലും 84 മീറ്റര്‍ നീളത്തിലുമാണിത്.
കർമ പാലത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികളൊഴികെ മറ്റെല്ലാം പൂർത്തിയായി. ജനുവരി അവസാനത്തോടെ ഇലക്ട്രിക്കൽ ജോലികളും പൂർത്തിയാകും. പാലം നാടിന് സമർപ്പിച്ചാൽ പൊന്നാനി ടൗണിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും. ഇതോടൊപ്പം കുണ്ടുകടവ് പാലത്തിന്റെ നിർമാണോദ്ഘാടനവും നടക്കും. കാലപ്പഴക്കം മൂലമാണ് പുതുക്കിപണിയുന്നത്. പൊന്നാനിയെയും മാറഞ്ചേരിയെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലെ പ്രധാന പാലമാണിത്. പൊന്നാനി മണ്ഡലത്തിലുടനീളം ശുദ്ധജലമെത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾക്കും തുടക്കം കുറിക്കും. ഇതിന്റെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുക. കൂടാതെ പുതുപൊന്നാനി ആയുർവേദ ആശുപത്രി നിർമാണത്തിനും പുതുവർഷത്തിൽ തുടക്കം കുറിക്കാനാണ് തീരുമാനം. പദ്ധതികളുടെ അവലോകനത്തിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.