പൊന്നാനി ജങ്കാർ സർവിസ് ഇനി പുറത്തൂർ പഞ്ചായത്ത് നടത്തും
text_fieldsപൊന്നാനി: നിരക്ക് വർധനയെച്ചൊല്ലി പഴയ കരാറുകാരുമായി പൊന്നാനി നഗരസഭ ഇടഞ്ഞതോടെ നിലച്ച ജങ്കാർ സർവിസ് ഇനി പുറത്തൂർ പഞ്ചായത്ത് നടത്തും.
രണ്ട് വർഷമായി നിർത്തിവെച്ച പൊന്നാനി-പടിഞ്ഞാറെക്കര ജങ്കാർ സർവിസാണ് പുനരാരംഭിക്കുന്നത്. തൃശൂർ ജില്ല പഞ്ചായത്തിന്റെ കൈവശമുള്ള ജങ്കാർ ഉപയോഗപ്പെടുത്തി പുറത്തൂർ പഞ്ചായത്ത് പൊന്നാനി-പടിഞ്ഞാറേക്കര റൂട്ടിൽ സർവിസ് തുടങ്ങുമെന്നാണ് അറിയുന്നത്.
അഴിമുഖത്തെ കടത്ത് സർവിസ് അവകാശം പൊന്നാനി നഗരസഭക്കാണെന്ന ഉറച്ചവാദവുമായി വർഷങ്ങളോളം നിലകൊണ്ട പൊന്നാനി നഗരസഭയാണ് ഒടുവിൽ പുറത്തൂർ പഞ്ചായത്തിന് സർവിസ് അനുമതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അഴിമുഖത്ത് ജങ്കാർ സർവിസ് പുനരാരംഭിക്കാൻ ആവുന്നത്ര ശ്രമങ്ങൾ നഗരസഭ നടത്തിയിട്ടും ലക്ഷ്യം കാണാതായതോടെയാണ് പുറത്തൂർ പഞ്ചായത്തിന് സർവിസ് അനുമതി നൽകിയിരിക്കുന്നത്.
ഈ ഇനത്തിൽ നഗരസഭയുടെ വലിയൊരു വരുമാന മാർഗമാണ് നഷ്ടപ്പെടുന്നത്. സർവിസ് നഷ്ടമുണ്ടാക്കുന്നുവെന്ന് കാണിച്ച് നേരത്തെയുണ്ടായിരുന്ന ജങ്കാർ കരാറുകാർ സർവിസ് അവസാനിപ്പിക്കുകയായിരുന്നു. പകരം സർവിസ് തുടങ്ങാൻ നഗരസഭക്ക് കഴിഞ്ഞതുമില്ല.
ഒടുവിൽ ബോട്ട് സർവിസ് തുടങ്ങി യാത്രാപ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. അഴിമുഖത്ത് എങ്ങനെയെങ്കിലും ജങ്കാർ സർവിസ് തുടങ്ങി വാഹനയാത്രക്കാരുടെ പ്രശ്നം പരിഹരിക്കുന്നതിന് വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാലങ്ങളായുള്ള കടത്തു സർവിസ് അവകാശം പുറത്തൂർ പഞ്ചായത്തിന് വിട്ടുനൽകാൻ പൊന്നാനി നഗരസഭ തയാറായിരിക്കുന്നത്.
വർഷങ്ങൾക്ക് ഇതേ അവകാശ വാദത്തെച്ചൊല്ലി പൊന്നാനി നഗരസഭയും പുറത്തൂർ പഞ്ചായത്തും ഏറെ തർക്കങ്ങളുണ്ടായിരുന്നു. അന്നൊക്കെ കടത്ത് അവകാശത്തിൽ ഉറച്ചുനിന്ന നഗരസഭയാണ് ഇപ്പോൾ കളം മാറ്റി ചവിട്ടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.