പൊന്നാനി ജങ്കാർ: കരാർ കമ്പനി സർവിസ് അവസാനിപ്പിച്ചു
text_fieldsപൊന്നാനി: പൊന്നാനി-പടിഞ്ഞാറെക്കര ജങ്കാർ സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരും നഗരസഭയും തമ്മിലുള്ള ചർച്ച വഴിമുട്ടിയതോടെ നിലവിലെ സർവിസ് കരാർ കമ്പനി അവസാനിപ്പിച്ചു. യാത്രക്കാർക്കും വാഹനങ്ങൾക്കുമുൾപ്പെടെ 35 ശതമാനം വർധന വേണമെന്നും വാർഷിക ടെൻഡറിൽ 50 ശതമാനം വർധന അനുവദിക്കണമെന്നുമാണ് കരാറുകാരുടെ ആവശ്യം. 30 ശതമാനം വരെ വർധന അനുവദിക്കാമെന്ന നഗരസഭയുടെ തീരുമാനം കരാറുകാർ അംഗീകരിച്ചില്ല. മിനിമം യാത്രാടിക്കറ്റിൽ മാത്രമേ വർധന അനുവദിക്കാൻ കഴിയൂവെന്നും വാഹനങ്ങൾക്ക് നിരക്ക് കൂട്ടാനാവില്ലെന്നുമുള്ള നഗരസഭയുടെ നിലപാടിനോടും നിഷേധാത്മക സമീപനമാണ് കരാറുകാർക്ക്.
പല തവണ ചർച്ച നടന്നെങ്കിലും യോജിപ്പിലെത്താൻ കഴിയാതിരുന്നതോടെയാണ് സർവിസ് അവസാനിപ്പിക്കാൻ കരാറുകാർ തീരുമാനിച്ചത്. കോവിഡിന് ശേഷം നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറുകാർ കടുത്ത നിബന്ധനയുമായി രംഗത്തെത്തിയത്. നേരത്തെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം വർധന വരുത്തിയിരുന്നു. അതിനാൽ കൂടുതൽ വർധന അനുവദിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കരാറുകാർ നിലപാട് കടുപ്പിച്ചതോടെ പൊന്നാനിയിലെ ജങ്കാർ സർവിസ് പുനരാരംഭിക്കാനുള്ള സാധ്യത മങ്ങുകയാണ്.
കൊച്ചിൻ സർവിസസിന്റെ കീഴിലുള്ള ജങ്കാർ രണ്ടര വർഷം മുമ്പാണ് സർവിസ് ആരംഭിച്ചത്. സർവിസ് തുടങ്ങി മാസങ്ങൾക്കകം കോവിഡ് വ്യാപനത്തെത്തുടർന്ന് മാസങ്ങളോളം സർവിസ് നിലച്ചിരുന്നു. നഗരസഭയുമായുള്ള കരാർ പ്രകാരം സർവിസ് നിർത്തിവെക്കുന്നതിന് 30 ദിവസം മുമ്പ് അറിയിക്കണമെങ്കിലും ഇത് പാലിക്കാതെയാണ് കരാറുകാർ സർവിസ് നിർത്തിയത്. ചാർജ് വർധിപ്പിക്കാത്തതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കരാറുകാരുടെ വാദം. നിലവിലെ സർവിസ് നിർത്തിയതോടെ പുതിയ ടെൻഡർ ക്ഷണിക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.