പൊന്നാനിയിൽ ജുമുഅ പുനരാരംഭിച്ചു
text_fieldsപൊന്നാനി: മാസങ്ങൾക്കൊടുവിൽ പൊന്നാനിയിലെ മസ്ജിദുകളിൽ ജുമുഅ പുനരാരംഭിച്ചു. ജുമുഅ പ്രഭാഷണത്തിൽ ഖത്തീബുമാർ കോവിഡ് ബോധവത്കരണ സന്ദേശം നൽകി.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തുടക്കം മുതൽ തന്നെ പൊന്നാനിയിലെ പള്ളികൾ അടിച്ചിട്ടിരുന്നു. വ്യാപനം കുറഞ്ഞതിനെത്തുടർന്നാണ് പള്ളികൾ തുറക്കാൻ തീരുമാനിച്ചത്. മുഹറം ഒന്ന് മുതൽ അതത് പ്രാദേശിക സാഹചര്യമനുസരിച്ച് മഹല്ല് കമ്മിറ്റികൾക്ക് പള്ളികൾ തുറക്കാമെന്ന് കഴിഞ്ഞ ആഴ്ച പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സംയുക്ത മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഉൾപ്പെടെ സർക്കാർ നിർദേശങ്ങൾ പാലിച്ച് തുറക്കുകയായിരുന്നു. നൂറ് ആളുകൾ മാത്രമാണ് പങ്കെടുത്തത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും 10ന് താഴെയുള്ളവരും പങ്കെടുത്തില്ല. തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിച്ചതിന് ശേഷവുമാണ് ആളുകളെ പള്ളികളിൽ പ്രവേശിപ്പിച്ചത്. രണ്ട് മീറ്റർ അകലം പാലിച്ചാണ് നമസ്കാരം നടന്നത്. ബാങ്ക് വിളിച്ച് മിനിറ്റുകൾക്കകം ഖുതുബ ആരംഭിക്കുകയും പത്ത് മിനിറ്റിനകം നമസ്കാരം പൂർത്തീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.