പൂക്കൈതപ്പുഴയിൽ സാഗര റാണി ജലരാജാവ്
text_fieldsപൊന്നാനി: നാല് പതിറ്റാണ്ടിനുശേഷം പൂക്കൈതപ്പുഴയിൽ ഉയർന്ന ആരവങ്ങളെ സാക്ഷിയാക്കി മേജർ വിഭാഗത്തിൽ സാഗര റാണി കിരീടം ചൂടി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ചുള്ളിക്കാടനെ അവസാനലാപ്പിൽ പിന്തള്ളിയാണ് സാഗര റാണി വിജയകിരീടമണിഞ്ഞത്.
അമ്പല പറമ്പൻ മൂന്നാംസ്ഥാനം നേടി. മൈനർ വിഭാഗത്തിൽ വീരപുത്രനെ പരാജയപ്പെടുത്തി കായൽകുതിര ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊച്ചുകൊമ്പൻ മൂന്നാം സ്ഥാനവും നേടി. ഉത്രട്ടാതി ദിനത്തിൽ നടന്ന കടവനാട് ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ ഒമ്പത് വള്ളങ്ങളും മൈനർ വിഭാഗത്തിൽ 12 വള്ളങ്ങളുമാണ് മാറ്റുരച്ചത്.
നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ കടവനാട് ജലോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വള്ളംകളി നടന്നത്. വള്ളംകളി മത്സരം വീക്ഷിക്കാനായി ആയിരങ്ങളാണ് തിങ്ങിനിറഞ്ഞത്. പി. നന്ദകുമാർ എം.എൽ.എ ജലോത്സവം ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ, നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, പി.വി. അയ്യൂബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.