പൊന്നാനി കലാഗ്രാമം അണിഞ്ഞൊരുങ്ങുന്നു
text_fieldsപൊന്നാനി: സമ്പന്നമായ നിളയുടെ സംസ്കാരത്തെയും ഭാരതപ്പുഴയുടെ മടിത്തട്ടിലെ സാഹിത്യ-സാംസ്കാരിക -ശാസ്ത്രയിടങ്ങളെയും പുതുതലമുറക്ക് പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെ പൊന്നാനിയിൽ നിർമിക്കുന്ന കലാഗ്രാമത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചതോടെ കലാഗ്രാമത്തിന് മുൻവശത്തെ ലാൻഡ് സ്കേപ്പിങ് പ്രവൃത്തികൾക്ക് തുടക്കമായി. നാലുകോടി രൂപ ചെലവിലാണ് ലാൻഡ് സ്കേപ്പിങ് നടക്കുന്നത്.
കലാഗ്രാമത്തിന്റെ സൗന്ദര്യവത്കരണ പ്രവൃത്തികളും ഇതോടൊപ്പം നടക്കുന്നുണ്ട്. നിലവിലെ പ്രവൃത്തികൾ പൂർത്തീകരിച്ച് ഫെബ്രുവരി രണ്ടാം വാരത്തിൽ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റി പദ്ധതി കൈമാറും.
2016ലാണ് നിർമാണം ആരംഭിച്ചത്. എട്ടു വർഷത്തിനിടെ പല തവണ പദ്ധതി പാതിവഴിയിൽ നിലച്ചു. നിർമാണം പൂർത്തീകരിക്കാൻ പല തവണ നിർദേശം നൽകിയിട്ടും പദ്ധതി ഇഴയുകയായിരുന്നു.
ഉത്ഭവം തൊട്ട് കടലില്‍ ഒഴുകിയെത്തുന്നത് വരെയുള്ള നദിയുടെ യാത്ര, നദീതട സാംസ്കാരിക അനുഭവങ്ങള്‍, നിള തീരത്തെ നവോത്ഥാനവും ദേശീയ പ്രസ്ഥാന പോരാട്ടങ്ങളും, രാഷ്ട്രീയ മുന്നേറ്റം, ശാസ്ത്രം, മിത്തുകള്‍, എല്ലാം ഒഴുകിയെത്തുന്ന പൊന്നാനി എന്നീ വിഭാഗങ്ങളിലാണ് മ്യൂസിയത്തിനുള്ളിലെ കാഴ്ചകളൊരുക്കുക. സൈനുദ്ദീൻ മഖ്ദൂമും എഴുത്തച്ഛനും പൂന്താനവുമുൾപ്പെടെയുള്ള സമ്മിശ്ര ഭാവങ്ങളുടെ സങ്കലനം പുതുതലമുറക്ക് ഇവിടെ അനുഭവേദ്യമാകും. പഴയ കാല പായ്കപ്പൽ മാതൃക സൃഷ്ടിച്ചാണ് ഖവ്വാലി കോർണർ ഒരുക്കുന്നത്.
മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പില്‍ നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിച്ചത്. രണ്ടേക്കറില്‍ 17,000 ചതുരശ്ര അടിയില്‍ ഒരുങ്ങിയ മ്യൂസിയം ഭിന്നശേഷി സൗഹൃദമാണ്.
കാഴ്ച പരിമിതര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലാണ് നിര്‍മാണം. രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫ്രീ മ്യൂസിയം കൂടിയാണിത്. കര്‍മ പുഴയോര പാത മുതല്‍ നിള മ്യൂസിയം വരെ ലാൻഡ് സ്കേപ്പ് ചെയ്ത കാമ്പസും മതിലും കവാടവും ഒരുക്കും. മുറ്റത്ത് ഓപണ്‍ ഓഡിറ്റോറിയവും ഖവ്വാലി പാര്‍ക്കും. മ്യൂസിയത്തിന്റെ പിന്‍വശം ഉള്‍പ്പെടെ മുഴുവന്‍ ഭാഗവും ഉപയോഗിക്കുന്ന തരത്തിലാണ് കാമ്പസ് രൂപകല്പന.
കാമ്പസിന്റെ ഒരു ഭാഗത്ത് സ്വാഭാവിക വനം രൂപപ്പെടുത്തുന്ന ‘മിയാവാക്കി ഫോറസ്റ്റും’ ക്രമീകരിച്ചിട്ടുണ്ട്. മ്യൂസിയം ഉടൻ തുറക്കാനുള്ള പരിശ്രമത്തിലാണ് ടൂറിസം വകുപ്പും പദ്ധതി ഏറ്റെടുത്ത് നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.