പൊന്നാനി കർമ റോഡരികിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കും
text_fieldsപൊന്നാനി: ടൂറിസം മേഖലയായി വളരുന്ന പൊന്നാനി കർമ റോഡരികിലെ കൈയേറ്റങ്ങൾ അടിയന്തിരമായി ഒഴിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടറുടെ നിർദ്ദേശം. മേഖലയിൽ വ്യാപക കൈയേറ്റം നടക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ കലക്ടർ നിർദേശിച്ചത്. ഈ മാസം 12ന് ഇതുമായി ബന്ധപ്പെട്ട് പൊന്നാനി താലൂക്ക് ഓഫിസിൽ യോഗം ചേരും. കർമ റോഡരികിലെ റവന്യൂ ഭൂമി തിട്ടപ്പെടുത്താനുള്ള സർവേ നേരത്തെ പൂർത്തിയായിരുന്നു. സർവേ റിപ്പോർട്ടിൽ കൈയേറ്റം കണ്ടെത്തിയ സ്ഥലങ്ങളിൽ ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
പൊന്നാനി നിള ടൂറിസം ബ്രിഡ്ജ് മുതൽ ചമ്രവട്ടം കടവ് വരെയുള്ള ഭാഗങ്ങളിൽ തെരുവ് കച്ചവടക്കാരുൾപ്പെടെ വലിയ തോതിലുള്ള കൈയേറ്റമാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയതെന്നായിരുന്നു കണ്ടെത്തൽ. പല തവണ കൈയേറ്റം ഒഴിപ്പിക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ ഇഴയുകയായിരുന്നു. ഇതിനിടെയാണ് ജില്ല കലക്ടർ വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി ഒഴിപ്പിക്കൽ നടപടികൾ നടത്താൻ നിർദേശം നൽകിയത്. ഇത്തരത്തിൽ വീണ്ടെടുക്കുന്ന ഭൂമിയിൽ വികസന പദ്ധതികൾ നടത്താനും ആലോചനയുണ്ട്. അതേസമയം റോഡരികിൽ കാലങ്ങളായി താമസിക്കുന്ന കുടുംബങ്ങൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.