പൊന്നാനി കുണ്ടുകടവ് പാലം; ഗതാഗത പരിഷ്ക്കാരത്തിനെതിരെ ബസുടമകൾ
text_fieldsപൊന്നാനി: പൊന്നാനി കുണ്ടുകടവ് പാലം നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗത പരിഷ്കരണവുമായി സഹകരിക്കാനാവില്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ. ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ബസുടമകൾ പറഞ്ഞു. കുണ്ടുകടവ് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിഷ്കരണത്തിൽ അതൃപ്തിയുമായാണ് ബസുടമകൾ രംഗത്തെത്തിയത്.
ബിയ്യം വഴി സർവിസ് നടത്തണമെന്ന നിർദേശം സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുമെന്നാണ് ബസുടമകൾ പറയുന്നത്. പുതിയ റൂട്ടുമായി ബന്ധപ്പെട്ട് ബസുടമകളുടെ യോഗം വിളിച്ചു ചേർക്കുകയോ ഔദ്യോഗിക വിവരം നൽകുകയോ ചെയ്തിട്ടില്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് യു.കെ. മുഹമ്മദ് പറഞ്ഞു. ഗുരുവായൂർ-പൊന്നാനി-കുന്നംകുളം റൂട്ടിലോടുന്ന ബസുകൾ കുണ്ടുകടവ് വരെ സർവിസ് നടത്തും. കാഞ്ഞിരമുക്ക്-ബിയ്യം റോഡിലൂടെ വലിയ ബസുകൾക്ക് സർവിസ് നടത്താൻ കഴിയില്ല. നടത്തിയാൽ തന്നെ സമയക്രമം പാലിക്കാൻ പറ്റില്ല. അതു കാരണമാണ് മാറഞ്ചേരി കടവത്ത് സർവിസ് അവസാനിപ്പിക്കുന്നതെന്ന് ബസ് ഉടമകൾ പറഞ്ഞു.
അതേ സമയം പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽനിന്ന് കുണ്ടുകടവ് പാലം വരെയുള്ള ഭാഗത്തേക്ക് മാത്രം സർവിസ് നടത്തുന്നത് നഷ്ടമായതിനാൽ ഈ റൂട്ടിൽ സർവിസ് വേണ്ടെന്നാണ് ബസുടമകളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ജോയന്റ് ആർ.ടി.ഒ, പൊലീസ് എന്നിവർക്ക് രേഖാമൂലം പരാതി നൽകുമെന്ന് ബസുടമകൾ പറഞ്ഞു. ബസുടമകളുടെ തീരുമാനം മൂലം യാത്രക്കാരും വിദ്യാർഥികളും വലയും.
എം.എൽ.എയുടെ ഉറപ്പ് സ്വാഗതം ചെയ്യുന്നു -പൗരാവകാശ സംരക്ഷണ സമിതി
മാറഞ്ചേരി: അപ്രോച്ച് റോഡ് പണിയാൻ കുണ്ടുകടവ് പാലം ഒരു മാസത്തിലപ്പുറം അടച്ചിടുകയില്ലന്ന എം.എൽ.എയുടെ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായി മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സമയബന്ധിതമായി പാലം പണി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ ഉദ്യോഗസ്ഥരിലും കരാറുകാരിലും എം.എൽ.എ സമ്മർദ്ദം ചെലുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
ജൽജീവൻ പദ്ധതിക്കായി തകർത്ത റോഡുകൾ ഏഴ് ദിവസത്തിനുള്ളിൽ നന്നാക്കണമെന്ന് എം.എൽ.എ. ഉദ്യോഗസ്ഥർക്ക് നൽകിയ കർശന നിർദേശം മൂന്ന് മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. അത് പോലുള്ള ഒരുറപ്പായി ഇത് മാറരുതെന്നും സമിതി അഭിപ്രായപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് അഡ്വ. എം.എ.എം. റഫീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. അബ്ദുൽ ലത്തീഫ് ട്രഷറർ എം.ടി. നജീബ്, എ.ടി. അലി, ഖാലിദ് മംഗലത്തേൽ, മുഹമ്മദുണ്ണി, ഒ.വി. ഇസ്മായിൽ, അശ്റഷ് പാർസി, ആരിഫ്, അശ്റഫ് പൂച്ചാമം, കരീം ഇല്ലത്തേൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.