പൊന്നാനി മാതൃ-ശിശു ആശുപത്രി ബ്ലഡ് ബാങ്ക്: ലൈസൻസ് ലഭിച്ചില്ല; ഉദ്ഘാടനം വൈകുന്നു
text_fieldsപൊന്നാനി: ആതുരസേവന രംഗത്ത് പൊന്നാനിയുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനിയിൽ യാഥാർഥ്യമായ ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നു. മാസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയായെങ്കിലും ലൈസൻസ് ലഭിക്കാത്തതിനാൽ ഉദ്ഘാടനം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ ലൈസൻസ് ഇനിയും ലഭിച്ചിട്ടില്ല. ലൈസൻസിനായുള്ള കേന്ദ്ര പരിശോധന പൂർത്തിയായി മാസങ്ങൾ പിന്നിട്ടു. ഇനി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പരിശോധന പൂർത്തീകരിക്കാനുണ്ട്. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടിലാണ് കെട്ടിടം നിർമിച്ചത്.
ജില്ലയിൽ നിലവിൽ മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് ബ്ലഡ് ബാങ്ക് സൗകര്യമുള്ളത്. പൊന്നാനിയിൽ ബ്ലഡ്ബാങ്ക് വരുന്നതോടുകൂടി ജില്ലയിലെ തീരമേഖലക്കും തൃശൂർ, പാലക്കാട് ജില്ലകളിലുള്ളവർക്കും ഏറെ ഗുണകരമാകും. പൊന്നാനി താലൂക്കിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ ബ്ലഡ് ബാങ്ക് നിർമിക്കണമെന്ന ഏറെനാളായുള്ള ആവശ്യത്തിനൊടുവിലാണ് നിർമാണം പൂർത്തിയായത്. നാഷനൽ ഹെൽത്ത് മിഷന്റെ 1.22 കോടി രൂപ ചെലവിലാണ് ഒരുനില കെട്ടിടം യാഥാർഥ്യമായത്.
ഡോക്ടേഴ്സ് റൂം, കമ്പോണന്റ് സ്റ്റോർ, കമ്പോണന്റ് പ്രോസസിങ് റൂം, ഗ്രൂപ്പിങ് ആൻഡ് ക്രോസ് മാച്ചിങ് റൂം ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് ബ്ലഡ് ബാങ്ക് നിർമിച്ചത്. നിലവിൽ പൊന്നാനിയിൽ ബ്ലഡ് ബാങ്കില്ലാത്തത് രോഗികൾക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. തിരൂർ ജില്ല ആശുപത്രിയിൽ നിന്നോ, എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ നിന്നോ രക്തം കൊണ്ടുവരേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.