പൊന്നാനി മാതൃ-ശിശു ആശുപത്രി അവലോകനം ഉദ്യോഗസ്ഥരെ ശകാരിച്ച് എം.എൽ.എ
text_fieldsപൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിയിലെ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ശകാരവുമായി പി. നന്ദകുമാർ എം.എൽ.എ. പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്നതും നിർമാണം ആരംഭിക്കാനിരിക്കുന്നതുമായ പ്രവൃത്തികളെക്കുറിച്ചുള്ള അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥരെ എം.എൽ.എ ശകാരിച്ചത്.
നിർമാണം നടക്കുന്ന ഐസോലേഷൻ വാർഡ് ബിൽഡിങ്ങിലേക്ക് റോഡില്ലാത്തത് ശ്രദ്ധയിൽപെട്ടപ്പോഴാണ് ടി.ഡി.എൽ.സി ഏജൻസിക്കെതിരെയും നിർവഹണ ഉദ്യോഗസ്ഥർക്കുനേരെയും ശകാരവുമായി എം.എൽ.എ രംഗത്തെത്തിയത്. ആർക്കും ഉത്തരാവാദിത്തം ഇല്ലാതെയാണ് പ്രവൃത്തികൾ നടക്കുന്നതെന്ന് എം.എൽ.എ കുറ്റപ്പെുടത്തി.
അതേസമയം, ബ്ലഡ് ബാങ്ക് കെട്ടിട നിർമാണം പൂർത്തീകരിച്ചതായും അനുബന്ധ പ്രവൃത്തികൾ ഡിസംബറിനുമുമ്പ് പൂർത്തീകരിക്കാനും തീരുമാനിച്ചു. ഐസോലേഷൻ വാർഡിന്റെ സിവിൽ വർക്കുകളും പൂർത്തീകരിച്ചു. നിർമാണം പൂർത്തിയായ വാട്ടർ ടാങ്കിന് കണക്ഷൻ ലഭിക്കുന്ന മുറക്ക് പ്രവർത്തനം ആരംഭിക്കും.
ഓക്സിജൻ പ്ലാന്റിന്റെ ജോലികൾ പൂർത്തീകരിച്ച് ഓണത്തിനുശേഷം പ്രവർത്തനമാരംഭിക്കാനും തീരുമാനമായി. എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ആശുപത്രി സൂപ്രണ്ട് ഡോ. ആശ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നഗരസഭ ചെയർമാൻ ലിഫ്റ്റിൽ കുടുങ്ങി
പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിയിലെ ലിഫ്റ്റിൽ പൊന്നാനി നഗരസഭ ചെയർമാൻ കുടുങ്ങി. ആശുപത്രിയിൽ അവലോകന യോഗം കഴിഞ്ഞിറങ്ങുന്നതിനിടെയാണ് സംഭവം. പൊന്നാനി അമ്മയും കുഞ്ഞും ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്നതും തുടങ്ങാനിരിക്കുന്നതുമായ പദ്ധതികളെക്കുറിച്ച് എം.എൽ.എ വിളിച്ചുചേർത്ത അവലോകന യോഗത്തിനിടെ പുറത്തിറങ്ങി മൂന്നാം നിലയിലെ ലിഫ്റ്റിൽ കയറിയപ്പോഴാണ് ചെയർമാൻ ശിവദാസ് ആറ്റുപുറം കുടുങ്ങിയത്. ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതറിയാതെ കയറുകയായിരുന്നു. ചെയർമാനൊപ്പം സെക്യൂരിറ്റി ജീവനക്കാരൻ അശ്റഫും കാന്റീൻ ജീവനക്കാരിയും ഉണ്ടായിരുന്നു.
ലിഫ്റ്റ് രണ്ടാം നിലയിലെത്തിയതോടെ പ്രവർത്തനരഹിതമായി. തുടർന്ന് 20 മിനിട്ടോളം അകപ്പെട്ടു. തുടർന്ന് ലിഫ്റ്റ് ഓപറേറ്ററെത്തി ഏറെ പണിപ്പെട്ട് വാതിൽ തുറന്നാണ് പുറത്തെത്തിച്ചത്. ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടക്കുമ്പോഴും സൂചന ബോർഡുകൾ സ്ഥാപിക്കാതിരുന്നതാണ് കുടുങ്ങാനിടയാക്കിയത്. നിലവിൽ ലിഫ്റ്റ് കാലപ്പഴക്കം മൂലം കാര്യക്ഷമല്ല. അറ്റകുറ്റ പണികൾക്കാവശ്യമായ ഉപകരണങ്ങളുടെ എസ്റ്റിമേറ്റ് പുതിയ കരാറുകാർ തയാറാക്കി വരുന്നതിനിടയിലാണ് സംഭവം. മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കാത്തതും സംഭവത്തിന് ആക്കംകൂട്ടി. സമയബന്ധിതമായി അറ്റകുറ്റപണികൾ തീർക്കുമെന്ന് ആശുപ്രതി സൂപ്രണ്ട് ഡോ. ആശ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.